ഹരിതാഭ വീണ്ടെടുത്തത്​ 3200 ഏക്കർ; ഇനി തരിശുരഹിത കോട്ടയം സർവേ

കോട്ടയം: കോട്ടയം തരിശുരഹിതമാക്കുന്നതിന് ആവിഷ്കരിച്ച പദ്ധതികൾക്ക് മികച്ച പുരോഗതി. മീനച്ചിലാർ-മീനന്തറയാർ-കൊ ടൂരാർ നദീപുനർസംയോജന പദ്ധതിയിലൂടെ രൂപപ്പെട്ട ജനകീയ കൂട്ടായ്മയിലൂടെയാണ് ജില്ലയിൽ കൃഷി വ്യാപനത്തിനു സാഹചര്യമൊരുങ്ങിയത്. ജലവിഭവ വകുപ്പി​െൻറയും കൃഷി വകുപ്പി​െൻറയും ഇടപെടലിലൂടെ സാധ്യമാക്കിയ വീണ്ടെടുപ്പിനെക്കുറിച്ച് ധനമന്ത്രി ഡോ. തോമസ് െഎസക്കി​െൻറ ബജറ്റ് പ്രസംഗത്തിലും പരാമർശമുണ്ടായി. പദ്ധതി വിപുലമാക്കാൻ സംസ്ഥാനബജറ്റിൽ 25കോടിയും ജില്ല പഞ്ചായത്ത് ബജറ്റിൽ ഒരുകോടിയും കോട്ടയം നഗരസഭ ബജറ്റിൽ തരിശുപാടം ഉൾപ്പെടെ 1050 ഹെക്ടറിൽ നെൽകൃഷിക്കായി ഒരുകോടിയും അനുവദിച്ചിട്ടുണ്ട്. തരിശുനിലങ്ങളിലടക്കം 3200 ഏക്കർ നെൽകൃഷിയാണ് വീണ്ടെടുത്തത്. മീനന്തറയാറി​െൻറ തീരത്തെ 1200ഏക്കറും കൊടൂരാറി​െൻറ തീരത്തെ 2000 ഏക്കറിലുമാണ് കൃഷിയിറക്കിയത്. വർഷങ്ങളോളം തരിശുകിടന്ന മെത്രാൻ കായൽ, ഈരയിൽകടവ് പാടശേഖരം, കടനാട് പാടശേഖരം, കോടിമത മുപ്പായിക്കാട് 200 ഏക്കർ പാടശേഖരം, പനച്ചിക്കാട് പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിലായി 226 ഏക്കർ പാടശേഖരം എന്നിവിടങ്ങളിൽ അതിവേഗമാണ് പച്ചപ്പ് തിരിച്ചുവന്നത്. ഇതോടെ, നെൽകൃഷിയെക്കുറിച്ച് പഠിക്കാൻ കോട്ടയം സി.എം.എസ് കോളജ് വിദ്യാർഥികൾ ജനകീയകൂട്ടായ്മ ഒരുക്കിയ പാടശേഖരങ്ങൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. ഇൗരയിൽക്കടവ് മൂപ്പായിക്കാട് പൂഴിക്കുന്ന്, തുരുത്തുമേൽ പാടശേഖരങ്ങളിലെ മണ്ണി​െൻറ സ്വഭാവം, വളപ്രയോഗം, വിത്തുവിത, കള-കീട രോഗനിയന്ത്രണം, നെല്ലി​െൻറ ഗുണനിലവാരം എന്നിവയെല്ലാം പഠനവിധേയമാക്കി. നിലവിൽ പനച്ചിക്കാട് പഞ്ചായത്തിലെ ഒന്നാംവാർഡ് തരിശുരഹിത വാർഡാണ്. ജില്ലയിൽ നെൽകൃഷി വ്യാപകമാക്കാൻ തരിശുനിലങ്ങൾ സന്ദർശിക്കുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ മാർച്ച് ഒന്നുവരെ കൃഷി-ജലവിഭവ ഉദ്യോഗസ്ഥർക്കൊപ്പം ജനകീയകൂട്ടായ്മ പ്രവർത്തകരാണ് സന്ദർശനം നടത്തുക. ഇതിനൊപ്പം കൃഷിക്കാവശ്യമായ പദ്ധതികൾ തയാറാക്കുന്നതിന് അഞ്ച് താലൂക്കിലും സംഘങ്ങളായി തിരിഞ്ഞ് തരിശുനില കൃഷിക്കായി കർഷകരെ രംഗത്തിറക്കും. യു.ഡി.എഫ് സർക്കാർ മൊബിലിറ്റി ഹബിനായി നീക്കിവെച്ച കോടിമത മുപ്പായിക്കാട് പൂഴിക്കുന്ന് പാടത്തെ 255 ഏക്കർ കൃഷിയാണ് ഇതിൽ ഏറ്റവും പ്രധാനം. കല്ലറ, വാകത്താനം, പനച്ചിക്കാട് പഞ്ചായത്തുകളെ തരിശുരഹിത പഞ്ചായത്താക്കി പ്രഖ്യാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. നെൽകൃഷിക്ക് പുറമെ 107 ഹെക്ടറിൽ തരിശുപച്ചക്കറി കൃഷി വ്യാപനത്തിനായി 32 ലക്ഷം രൂപ ധനസഹായം നൽകാനും കൃഷി വകുപ്പിനായിട്ടുണ്ട്. ഇതുകൂടാതെ സുസ്ഥിര നെൽകൃഷി പദ്ധതിയിൽ 17,088 ഹെക്ടർ സ്ഥലത്തെ ഉൽപാദനോപാധികളുടെ ചെലവി‌ന‌് 14 കോടിയും കരനെൽകൃഷി വികസന പദ്ധതിയിൽ 200 ഹെക്ടർ സ്ഥലത്ത് 27.2 ലക്ഷം രൂപയും വിനിയോഗിച്ചിട്ടുണ്ട്. തരിശുകൃഷിയെ പ്രോത്സാഹിപ്പിക്കാൻ കൃഷിവകുപ്പും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ജലസേചന പദ്ധതികൾ പൂർത്തിയാകുന്നതോടെ 1240 ഏക്കറിൽ കൃഷി ചെയ്യാനാകും. മീനച്ചിൽ, മീനന്തറ, കൊടൂരാർ നദികളെ പുനർജീവിപ്പിക്കുന്നതി​െൻറ ഭാഗമായാണ് ജനകീയ കൂട്ടായ്മക്ക് തുടക്കമിട്ടത്.പിന്നീട് അവയുടെ കൈത്തോടുകളും ഉറവുകളും വീണ്ടെടുത്ത പ്രവർത്തനം മാതൃകയായി. അതിനൊപ്പം വർഷങ്ങളായി തരിശുകിടന്ന നിലങ്ങളിലേക്ക് തോടുവെട്ടിയും ജലമെത്തിച്ചുമാണ് കൃഷിയിറക്കിയത്. പ്രളയകാലത്ത് മാലിന്യവും ചളിയും അടിഞ്ഞ് നിര്‍ജീവമായിരുന്ന സ്ഥലങ്ങളാണ് ഹരിതാഭമായത്. കൈത്തോടുകള്‍ പൂർണമായും ശുചീകരിച്ച് തരിശുപാടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ജലസ്രോതസ്സുകൾ പ്രദേശവാസികളുടെ കുടിവെള്ളക്ഷാമത്തിനും ആശ്വാസമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.