എൻ.ഡി.എ നേതൃത്വം അറിയാതെ ഘടകകക്ഷികളുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെ ബി.ജെ.പി

കോട്ടയം: എന്‍.ഡി.എ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ അറിയാതെ ഘടകകക്ഷികൾ സ്വയംസ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിനെതിരെ ബി.ജെ.പി നേതൃത്വം. മുന്നണിയിൽ പൊതുധാരണയാകും മുമ്പ് ഘടകകക്ഷികൾ നടത്തുന്ന സ്ഥാനാർഥി പ്രഖ്യാപനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വിവിധ ജില്ല കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ബി.ജെ.പി മത്സരിക്കുന്ന ലോക്സഭ മണ്ഡലങ്ങളിൽപോലും ചിലർ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നത് തടയണമെന്നും ഇവർ ആവശ്യപ്പെടുന്നു. എൻ.ഡി.എ ഘടകകക്ഷിയായ കേരള കോൺഗ്രസിലെ പി.സി. തോമസ് കോട്ടയത്ത് സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് ശരിയല്ലെന്ന നിലപാടിലാണ് ബി.ജെ.പി ജില്ല നേതൃത്വം. തോമസി​െൻറ നടപടിയെ ജില്ല നേതൃത്വം ചോദ്യംചെയ്യുകയും അതൃപ്തി സംസ്ഥാന നേതൃത്വത്തെയും അറിയിക്കുകയും ചെയ്തു. ഇത് എൻ.ഡി.എയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കോട്ടയത്ത് സ്വന്തം സ്ഥാനാർഥി വേണമെന്നാണ് ജില്ലനേതൃത്വത്തി​െൻറ നിലപാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ നോബിൾ മാത്യുവിനു വിട്ടുകൊടുത്തതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പി.സി. തോമസി​െൻറ സ്ഥാനാർഥിത്വത്തിനെതിരെ രൂക്ഷമായ എതിർപ്പ് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. കോട്ടയത്ത് സ്ഥാനാർഥിപ്പഞ്ഞമൊന്നുമില്ലെന്നും പേക്ഷ, തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട, എറണാകുളം അടക്കം മറ്റ് ചില മണ്ഡലങ്ങളിൽ ഇക്കുറിയും സ്വതന്ത്രരും ഘടകകക്ഷികളും സീറ്റ് തരപ്പെടുത്താനുള്ള നീക്കം നടത്തുന്നുണ്ട്. അതേസമയം, എൻ.ഡി.എ-ബി.ജെ.പി ദേശീയ നേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന പി.സി. തോമസ് ബി.ജെ.പി സംസ്ഥാന ഘടകത്തെ കാര്യമായി ഗൗനിക്കാറില്ല. ഇതും എതിർപ്പിനു കാരണമായി. സ്ഥാനാർഥി പ്രഖ്യാപനത്തിനായി അദ്ദേഹം കോട്ടയത്ത് വിളിച്ചുചേർത്ത യോഗത്തിൽ ബി.ജെ.പി നേതാക്കൾക്ക് കാര്യമായ റോളും ഉണ്ടായിരുന്നില്ല. ത​െൻറ സ്ഥാനാർഥിത്വത്തിനെതിരെ പ്രാദേശികതലത്തിൽ എതിപ്പുയർന്നാൽ കാര്യമാക്കേണ്ടതില്ലെന്നും കേരള കോണ്‍ഗ്രസ് അണികള്‍ക്ക് തോമസ് നിർദേശം നല്‍കിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പി.സി. തോമസ് മത്സരിച്ചാൽ പ്രചാരണത്തില്‍പോലും കാര്യമായ റോൾ തങ്ങൾക്ക് ലഭിക്കില്ലെന്നും നേതാക്കൾ ആശങ്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.