ഹരിതാഭമാകാന്‍ ഡയറ്റ്​;​ ജൈവവൈവിധ്യ പാർക്ക്​ ഒരുങ്ങുന്നു

കോട്ടയം: പച്ചപ്പണിയാൻ പാമ്പാടി വെള്ളൂരിലെ ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ഒരുങ്ങുന്നു. ഹരിത കേരള മിഷൻ നേതൃത്വത്തില്‍ അധ്യാപകരുടെ സഹകരണത്തോടെ പരിശീലനകേന്ദ്രത്തിനോട് ചേർന്ന സ്ഥലത്ത് ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കാനാണ് തീരുമാനം. അഞ്ച് ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക്. പദ്ധതിയുടെ ആസൂത്രണത്തി​െൻറ ഭാഗമായി ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ടി.എന്‍. സീമയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ആദ്യഘട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കാടുതെളിച്ച് വൃത്തിയാക്കും. പിന്നീട് വെള്ളം ശേഖരിക്കാനും ശുദ്ധജലം ഉറപ്പാക്കുന്നതിനും കിണർ റീചാർജ്, മഴവെള്ള സംഭരണികള്‍ എന്നീ പ്രവർത്തനം നടത്തും. തുടർന്നാണ് മുളങ്കാടുകളുടെ നിര്‍മാണം, ഫോറസ്റ്റ് വകുപ്പി​െൻറ സഹകരണത്തോടെ കാവുകളുടെ നിര്‍മാണം, അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ജൈവവൈവിധ്യകളുടെ ശേഖരം, പുതുതലമുറയെ പൈതൃക വസ്തുക്കള്‍ പരിചയപ്പെടുത്തുന്നതിനായി കലപ്പ, ചക്രം, ആട്ടുകല്ല്, ഉരല്‍, അരകല്ല്, വള്ളം തുടങ്ങിവയുടെ ശേഖരങ്ങള്‍ ഉള്‍പ്പെടുത്തിയ മ്യൂസിയം, ഔഷധസസ്യങ്ങളുടെ ശേഖരം, നക്ഷത്രവനം, ശലേഭാദ്യാനം, പൂന്തോട്ടം, ജൈവപച്ചക്കറി കൃഷി, വിവിധ കലാപരിപാടികള്‍ നടത്തുന്നതിനായി ഓപണ്‍ സ്റ്റേജ്, അപൂര്‍വ സസ്യങ്ങളുടെ ശേഖരം, മാലിന്യസംസ്കരണത്തിന് പ്രത്യേക സംവിധാനം എന്നിവയും ഒരുക്കും. പാര്‍ക്ക് സന്ദശിക്കുന്നവര്‍ക്ക് വിശ്രമിക്കാന്‍ മുളകൊണ്ടുള്ള ഇരിപ്പിടങ്ങള്‍, ഏറുമാടങ്ങള്‍, നടപ്പാതകള്‍, തണലേകാന്‍ വള്ളിക്കുടില്‍ തുടങ്ങി നിരവധി പദ്ധതികള്‍ കോര്‍ത്തിണക്കി ഹരിതകേരളത്തി​െൻറ ഏറ്റവും മികച്ച മാതൃകയായ ജൈവവൈവിധ്യ പാര്‍ക്ക് നിര്‍മിക്കുകയാണ് ലക്ഷ്യം. പാര്‍ക്കിന് ആവശ്യമായ എല്ലാ സംവിധാനവും ഇണക്കുന്നത് ഹരിതകേരള മിഷനാണ്. നിലവില്‍ പരിശീലന കേന്ദ്രത്തിലെ അധ്യാപകരുടെ നേതൃത്വത്തില്‍ തയാറാക്കുന്ന ശിൽപോദ്യാനത്തി​െൻറ നിര്‍മാണം അവസാനഘട്ടത്തിലാണ്. വിവിധ കായിക മേളകള്‍ ഉള്‍പ്പടെ സംഘടിപ്പിക്കുന്നതിനായി പരിശീലന കേന്ദ്രത്തിന് സമീപത്തായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്‌റ്റേഡിയത്തി​െൻറ നിര്‍മാണവും അവസാനഘട്ടത്തിലാണ്. ജൈവവൈവിധ്യ പാര്‍ക്ക് കൂടി പൂര്‍ത്തിയാകുന്നതോടെ ഹരിതകേരളത്തിലേക്ക് പൂര്‍ണമായും മുഖം തിരിക്കുന്ന സംസ്ഥാനത്തെ തന്നെ ഏക വിദ്യാഭ്യാസ സ്ഥാപനമായി കോട്ടയം വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) മാറും. ജൈവവൈവിദ്ധ്യ പാര്‍ക്ക് അടിയന്തരമായി നിര്‍മിക്കുന്നതി​െൻറ ഭാഗമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി ഡയറ്റ് പ്രിന്‍സിപ്പല്‍ വി.കെ. പ്രകാശന്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഇ.പി. സോമന്‍, ശരത് ചന്ദ്രൻ, അർച്ചന ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ക്ക് നിര്‍മിക്കാനുദേശിക്കുന്ന സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.