രാജശ്രീയുടെ മലയാളത്തിന്​ 'ഗ്രീൻ സിഗ്​നൽ'

കോട്ടയം: ഇംഗ്ലീഷ് പ്രഫസറുടെ മലയാളത്തിന് സംസ്ഥാന സാക്ഷരത മിഷ​െൻറ 'ഗ്രീൻ സിഗ്നൽ'. പ്രായവും ജോലിയും മാതൃഭാഷപഠനത്തിന് തടസ്സമില്ലെന്ന് തെളിയിച്ച് സാക്ഷരത മിഷ​െൻറ 'പച്ചമലയാളം' സർട്ടിഫിക്കറ്റ് കോഴ്സ് പാസായത് പത്തനംതിട്ട ഇലന്തൂർ ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. ആർ. രാജശ്രീയാണ്. 'പച്ചമലയാളം' കോഴ്സി​െൻറ പ്രഥമ ബാച്ചിൽ ബി ഗ്രേഡ് നേടിയാണ് രാജശ്രീ പാസായത്. കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പഠനകേന്ദ്രത്തിൽ നാലുമാസമായിരുന്നു പഠനം. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചിട്ടും മറുനാട്ടിൽ ജീവിച്ച് മാതൃഭാഷ പഠിക്കാൻ അവസരം കിട്ടാതെ വന്ന 17 പേരാണ് വിജയിച്ചത്. 'ഉപന്യാസം എഴുത്താണ് പ്രയാസമായി തോന്നിയത്. അവധി ദിവസങ്ങളിൽ പഠനക്ലാസിലെത്തി കേട്ടറിവ് മാത്രമുള്ള മലയാള അക്ഷരങ്ങളാണ് ആദ്യം പഠിച്ചത്. പിന്നെ എഴുത്തിലേക്ക് തിരിഞ്ഞപ്പോൾ ഭാഷയോടുള്ള സ്നേഹവും ഇഷ്ടവും കൂടിവന്നു. കോളജ് പ്രിൻസിപ്പലായി ചുമതലയേറ്റപ്പോൾ ഭരണഭാഷയായ മലയാളത്തിൽ ഇറങ്ങുന്ന ഉത്തരവുകൾ വായിക്കുന്നത് പ്രധാന തലവേദനയായിരുന്നു. ഇപ്പോൾ ഉത്തരവുകൾ നന്നായി വായിക്കാൻ കഴിയുന്നതാണ് നേട്ടം' -എറണാകുളം മഹാരാജാസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന രാജശ്രീ ജനിച്ചതും വളർന്നതും ചെന്നൈയിലാണ്. തിരുവനന്തപുരം സ്വദേശിയായ പിതാവി​െൻറ ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു സ്ഥിരതാമസം. പഠനകാലത്ത് ഉപഭാഷയായി തമിഴാണ് തെരഞ്ഞെടുത്തത്. അധ്യാപികയായുള്ള ഒൗദ്യോഗിക ജീവിതത്തിലുടനീളം കൈകാര്യം ചെയ്തത് ഇംഗ്ലീഷും തമിഴുമാണ്. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിതരണം ചെയ്തു. സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ കെ.വി. രതീഷ് അധ്യക്ഷത വഹിച്ചു. പരിവർത്തിത ക്രൈസ്തവ കോർപറേഷൻ ചെയർമാൻ പി.ജെ. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മുൻ കൗൺസിലർ എൻ.എസ്. ഹരിശ്ചന്ദ്രൻ, കോഴ്സ് കോഓഡിനേറ്റർ അനിൽ കൂരോപ്പട, അധ്യാപക പ്രതിനിധി കാർത്തിക, പ്രേരക് അന്നമ്മ കെ. മാത്യു, ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.