കോതനല്ലൂര്‍ ആകാശക്കനാല്‍ യാഥാർഥ്യമായി

കടുത്തുരുത്തി: കോതനല്ലൂര്‍ എഴുതോണി പാടംഭാഗത്ത് ജലവിഭവ വകുപ്പ് യാഥാര്‍ഥ്യമാക്കുന്ന ആകാശക്കനാല്‍ (അക്വഡക്ട്) റെയില്‍വേ ലൈനിന് മുകളിലൂടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ജലവിഭവ വകുപ്പും റെയില്‍വേയും അംഗീകരിച്ച രൂപരേഖ പ്രകാരം കോതനല്ലൂര്‍ ഭാഗത്ത് 55 മീറ്റര്‍ നീളത്തിലാണ് ആകാശക്കനാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലൂടെ കടന്ന് കുറുപ്പന്തറ വഴി കോതനല്ലൂരില്‍ എത്തിനില്‍ക്കുന്ന കനാല്‍ ഭാഗവും കാണക്കാരി പഞ്ചായത്തിലെ വേദഗിരി-കുറുമുള്ളൂര്‍ ഭാഗത്ത് നിര്‍മിച്ച കനാല്‍ ഭാഗവും തമ്മില്‍ റെയില്‍വേ ലൈനി​െൻറ മേല്‍ ഭാഗത്ത് കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള നിര്‍മാണമാണ് പൂർത്തിയായത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് പി.ജെ. ജോസഫ് ജലവിഭവ മന്ത്രിയായിരിക്കെയാണ് വീണ്ടും ജീവൻ വെച്ചത്. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ കൈക്കൊണ്ട തീരുമാനപ്രകാരം 2015ല്‍ റെയില്‍വേയുമായി ധാരണയുണ്ടാക്കുകയും ഇറിഗേഷ​െൻറയും റെയില്‍വേയുടെയും ചുമതലയില്‍ നടത്തേണ്ട പ്രവൃത്തികള്‍ പ്രത്യേകം ടെൻഡര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു. ആകാശക്കനാല്‍ നിര്‍മാണത്തിന് മാത്രമായി 2.53 കോടിയാണ് ജലസേചന വകുപ്പില്‍നിന്ന് 2015-16 സാമ്പത്തികവര്‍ഷം അനുമതി ലഭിച്ചതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ വ്യക്തമാക്കി. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മ​െൻറ് കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണച്ചുമതല. പെരുമാലില്‍ കണ്‍സ്ട്രക്ഷനാണ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയത്. ആകാശക്കനാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ഇതുവരെ ശുദ്ധജലം എത്തിക്കാന്‍ കഴിയാതിരുന്ന വിവിധ പ്രദേശങ്ങളില്‍ ജലം എത്തിക്കാന്‍ കഴിയും. എം.വി.ഐ.പി കനാല്‍ നിര്‍മാണ സമയത്ത് ലക്ഷ്യമിട്ടിരുന്നതുപോലെ മാഞ്ഞൂര്‍, കോതനല്ലൂര്‍, കാണക്കാരി, വേദഗിരി, കുറുമുള്ളൂര്‍, അതിരമ്പുഴ പ്രദേശങ്ങളില്‍ കാര്‍ഷിക ജലസേചനത്തിനും കുടിവെള്ള ഉപയോഗത്തിനും കിണറുകളിലെ ജലസമൃദ്ധിക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ കനാല്‍ ഉപകരിക്കുമെന്ന് മോൻസ് ജോസഫ് എം.എല്‍.എ പറഞ്ഞു. എം.വി.ഐ.പി കനാലിലൂടെ അതിരമ്പുഴ പെണ്ണാര്‍ തോട്ടിലേക്ക് ശുദ്ധജലം എത്തിക്കുന്നതിലൂെട അപ്പര്‍ കുട്ടനാട് ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഓരുവെള്ള ഭീഷണിയെ നിയന്ത്രിക്കുന്നതിന് കനാല്‍ ജലവിതരണം ഉപകരിക്കുമെന്നതാണ് പ്രധാന നേട്ടം. കോതനല്ലൂര്‍ ഏഴുതോണി പാടത്ത് ആകാശക്കനാല്‍ നിർമാണം പൂര്‍ത്തീകരിച്ച പ്രവര്‍ത്തനം പരിശോധിക്കുന്നതിന് മോന്‍സ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തി. പിറവം എക്‌സി. എന്‍ജിനീയര്‍ ഷേര്‍ളി ജോസ്, കുറുപ്പന്തറ അസി.എക്‌സി.എന്‍ജിനീയര്‍ സുപ്രഭ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.