എരുമേലിയിൽ നിയമങ്ങൾ ലംഘിച്ച് വാഹനമോടിച്ചാൽ കാമറക്കണ്ണിൽ പതിയും

എരുമേലി: നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ എരുമേലിയിൽ കാമറക്കണ്ണുകൾ മിഴിതുറന്നു. എരുമേലിയുടെ വിവിധ പ്രദേശങ്ങളിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന കാമറക്കണ്ണുകളാണ് നിയമം ലംഘിക്കുന്നവരുടെ ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്നത്. ഇതുവരെ പൊലീസ് പിടികൂടിയവരിൽ അധികവും ഇരുചക്രവാഹന യാത്രക്കാരാണ്. ഹെൽമറ്റ് ഇല്ലാതെയും അമിതവേഗവും രണ്ടിലധികം ആളുകളെ കയറ്റിയതും ഉൾപ്പെടെ നൂറിലധികം നിയമലംഘകരെ പൊലീസ് കണ്ടെത്തി. വാഹനത്തി​െൻറ രജിസ്റ്റർ നമ്പറിലൂടെ ഉടമസ്ഥനെ കണ്ടെത്തി പിഴ ഈടാക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഇതോടെ വാഹനങ്ങൾ തടഞ്ഞുനിർത്തി നടത്തുന്ന പരിശോധനയിലൂടെ ഉണ്ടാകുന്ന പരാതിക്കും പരിഹാരമാകും. പ്രധാന ഇടത്താവളമായ എരുമേലിയിൽ ശബരിമല തീർഥാടനകാലത്ത് ലക്ഷങ്ങൾ മുടക്കി ഗ്രാമപഞ്ചായത്ത് താൽക്കാലികമായി സി.സി ടി.വി കാമറകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ, ഈ വർഷം ഒന്നരക്കോടി ചെലവഴിച്ച് പൊലീസ് എരുമേലിയുടെ വിവിധ പ്രദേശങ്ങളിൽ കാര്യക്ഷമത കൂടിയ കാമറകൾ സ്ഥാപിച്ചിരുന്നു. ദ്യശ്യങ്ങൾ നിരീക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പൊലീസ് സ്റ്റേഷന് രണ്ടാംനിലയിൽ സജ്ജീകരിച്ചു. ആഴ്ചകൾക്ക് മുമ്പ് ശബരിമല തീർഥാടക​െൻറ മൊബൈൽ ഫോൺ ബൈക്കിലെത്തി പിടിച്ചുപറിച്ചു കൊണ്ടുപോയ പിതാവിനെയും മകനെയും പൊലീസ് കാമറദൃശ്യങ്ങൾ പിന്തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയിരുന്നു. ഈ മാസം ആദ്യം മുതലാണ് നിയമലംഘകരായ വാഹനയാത്രക്കാരെയും പൊലീസ് കാമറ ദൃശ്യങ്ങൾ പിന്തുടർന്ന് പിടികൂടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.