സുപ്രീംകോടതി വിധി സ്ത്രീകളുടെ പവിത്രതക്കുള്ള അംഗീകാരം -പ്രഫ. എം.കെ. സാനു

കോട്ടയം: എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകള്‍ക്കും ആരാധനക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സ്ത്രീകളുടെ പവിത്രതക്കുള്ള അംഗീകാരമാണെന്ന് പ്രഫ. എം.കെ. സാനു പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തി‍​െൻറ 82ാം വാര്‍ഷികത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുലക്കരം കൊടുക്കുന്നതിനെതിരെയും മാറുമറയ്ക്കുന്നതിനുള്ള അവകാശത്തിനും വേണ്ടി പോരാടി രക്തസാക്ഷികളായ സ്ത്രീകളുടെ നാടാണ് കേരളം. ഇവരുടെ വിശുദ്ധി പ്രഖ്യാപിക്കലും സ്ത്രീകളിലെ മാതൃത്വത്തെ അംഗീകരിക്കലുമാണ് സുപ്രീംകോടതി വിധിയിലൂടെ ഉണ്ടായിട്ടുള്ളത്. ആത്മാഭിമാനത്തിനുവേണ്ടി ഭരണകൂടത്തോടും ജാതി മേല്‍ക്കോയ്മയോടും പൊരുതിയ സ്ത്രീകളുടെ പിന്മുറക്കാരെ ക്ഷേത്രദര്‍ശനത്തിൽനിന്ന് വിലക്കുന്നത് അനാചാരങ്ങളിലേക്കുള്ള തിരിച്ചുപോക്കാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക-സാമ്പത്തിക-രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിനായി ജാതി-മത മാലിന്യമില്ലാത്ത മനസ്സുകള്‍ സൃഷ്ടിക്കപ്പെടണം. കേരളം മാതൃഭൂമിയും ഇന്ത്യ സ്വരാജ്യവും ലോകം സ്വന്തം നാടുമായി കാണുന്നതിനുള്ള ഹൃദയവിശാലത എല്ലാവരിലും ഉണ്ടാകണം. ദുരിതം അനുഭവിക്കുന്നവരെ വിഭാഗീയതകളില്ലാതെ സഹായിക്കാന്‍ എല്ലാവരും ഒത്തുചേരുക എന്നതാകണം കേരളത്തി​െൻറ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. വൈക്കം ക്ഷേത്രനടയില്‍നിന്ന് നഗരസഭ ചെയര്‍മാന്‍ പി. ശശിധര​െൻറ നേതൃത്വത്തിലെത്തിച്ച ദീപശിഖയില്‍നിന്ന് വേദിയിലെ നിലവിളക്കിലേക്ക് അദ്ദേഹം ദീപം പകര്‍ന്നു. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി അധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയര്‍മാന്‍ പി. ശശിധരന്‍, മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസൻ ജോര്‍ജ്, ഐ ആന്‍ഡ് പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, ഡോ. ജയിംസ് മണിമല എന്നിവര്‍ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് സ്വാഗതവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിനി കെ. തോമസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെ.പി.എ.സിയുടെ 'മുടിയനായ പുത്രന്‍' നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.