തരിശുപാടത്ത് പുല്ല് ചീഞ്ഞുനാറുന്നു; കരിക്കണ്ടം പാടം കതിരണിയാന്‍ കടമ്പകളേറെ

ചങ്ങനാശ്ശേരി: മൂന്ന് പതിറ്റാണ്ടായി തരിശുകിടക്കുന്ന ചാലച്ചിറ കരിക്കണ്ടം പാടത്ത് പുല്ല് ചീഞ്ഞ് വെള്ളം നാറാന്‍ തുടങ്ങി. 36 ഏക്കര്‍ വരുന്ന നെല്‍പാടമാണ് ഒരു നാടി​െൻറ കാര്‍ഷിക സംസ്‌കൃതിക്ക് കളങ്കമായി മാറി വര്‍ഷങ്ങളായി തരിശുകിടക്കുന്നത്. കുറിച്ചി ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇവിടെ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുകയും കാവാലം കേന്ദ്രീകരിച്ചുള്ള ചില സ്വാശ്രയ സംഘങ്ങള്‍ കൃഷിക്ക് തയാറാകുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഒന്നും നടക്കാതെ പോയി. 2005-10 കാലയളവില്‍ ഹരിയാലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരിക്കണ്ടം പാടത്തി​െൻറ വരമ്പ് കരിങ്കല്ലുകൊണ്ട് കെട്ടിയിരുന്നു. എന്നാല്‍, വരമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഈ പാടത്ത് കൃഷി ആരംഭിച്ചാല്‍ മാത്രമേ പാടത്തിനു നടുവിലൂടെ ഒഴുകുന്ന ചാലച്ചിറ തോട്ടിലെ ജലം ശുദ്ധമാകൂ. പാടത്തെ പുല്ല് ചീഞ്ഞ് ആ വെള്ളം ചാലച്ചിറ തോട്ടിലെത്തുന്നത് മൂലം തോട്ടിലെ വെള്ളം കറുത്തിരുളുകയും ചീഞ്ഞുനാറുകയും ചെയ്തുതുടങ്ങി. മഴ നിന്നതോടെ ദുര്‍ഗന്ധം കൂടിവരുകയാണെന്ന് സമീപവാസികള്‍ പറയുന്നു. ഈ തോട്ടില്‍നിന്ന് മൂന്നുനാലു കുടിവെള്ള പദ്ധതികള്‍ക്കാവശ്യമായ വെള്ളം ഉപയോഗിക്കുന്നുണ്ട്. തോട്ടിലെ വെള്ളം ശുചീകരിക്കപ്പെടണമെങ്കില്‍ കരിങ്കണ്ടം പാടത്ത് കൃഷിയിറക്കണമെന്ന് ആദ്യകാല കര്‍ഷകര്‍ പറയുന്നു. കരിക്കണ്ടം പാടശേഖരം ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിയോഗ്യമാക്കണമെന്നും ചാലച്ചിറ തോടി​െൻറ ശോച്യാവസ്ഥക്ക് പരിഹാരം കണ്ടെത്തി ശുദ്ധജല വിതരണത്തിന് സാഹചര്യം ഒരുക്കി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കണമെന്നും സി.പി.എം പുളിമൂട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.