'ചങ്ങനാശ്ശേരി ജങ്ഷന്‍ കഫേ' താക്കോല്‍ദാനം നടത്തി

ചങ്ങനാശ്ശേരി: പ്രളയത്തില്‍നിന്ന് പതിനായിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ അഞ്ചുവിളക്കി​െൻറ നാട് ജീവിതം കരുപിടിപ്പിക്കുന്നതിനും കുട്ടനാടിന് കൈത്താങ്ങാകുന്നു. ചങ്ങനാശ്ശേരി ഫേസ്ബുക്ക് ജങ്ഷന്‍ ഫേസ്ബുക്ക് കൂട്ടായ്മ നേതൃത്വത്തില്‍ മാമ്പുഴക്കരി നെടുമ്പുരക്കല്‍ പൊന്നമ്മക്ക് ഉപജീവനമാര്‍ഗം ഒരുക്കി നല്‍കിയാണ് തണലായത്. ഭര്‍ത്താവി‍​െൻറ മരണശേഷം രണ്ടു പെണ്‍മക്കളെ വളര്‍ത്തി വിവാഹം കഴിപ്പിച്ചയക്കാന്‍ പൊന്നമ്മക്ക് ആശ്രയമായിരുന്ന ചായക്കട പൂര്‍ണമായും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതോടെ ജീവിതം പൊന്നമ്മക്ക് മുന്നില്‍ ചോദ്യചിഹ്നമായി മാറുകയായിരുന്നു. എല്ലാം തകര്‍ന്നവര്‍ക്കിടയില്‍ സഹായത്തിനായി പല വാതിലുകളും മുട്ടിനോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. പൊന്നമ്മയുടെ ദുരവസ്ഥയറിഞ്ഞ് ചങ്ങനാശ്ശേരി ഫേസ്ബുക്ക് ജങ്ഷന്‍ കൂട്ടായ്മ ചായക്കട നിർമിച്ച് നല്‍കാന്‍ മുമ്പോട്ട് വരുകയായിരുന്നു. ഡെസ്‌ക്കും കസേരയും ഉള്‍പ്പെടെ ഏകദേശം 1,60,000 രൂപയോളം ചെലവാക്കി 20 പേര്‍ക്ക് ഒരേസമയം ഇരിക്കാന്‍ കഴിയുംവിധം പഴയചായക്കടയുടെ സ്ഥാനത്ത് 'ചങ്ങനാശ്ശേരി ജങ്ഷന്‍ കഫേ' എന്ന പുതിയ കട സ്ഥാപിക്കുകയായിരുന്നു. ചങ്ങനാശ്ശേരി ജങ്ഷന്‍ ചീഫ് അഡ്മിന്‍ വിനോദ് പണിക്കര്‍ കടയുടെ താക്കോല്‍ദാനം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം സജീവ് ഉത്തുംതറ മുഖ്യാതിഥിയായിരുന്നു. അഡ്മിൻമാരായ പി.എ. നവാസ്, മറ്റ് സജീവ അംഗങ്ങളായ രമേഷ് ശശിധരന്‍, അലക്‌സ് വര്‍ഗീസ്, സിയാദ് മംഗളവുപറമ്പില്‍, ഫൈസല്‍, ലിജു, കിഷോര്‍, ഷെയാജ്, ജോബി, തന്‍സീം റഹ്മാന്‍, അരുണ്‍ സ്‌കറിയ, അനീഷ് രവീന്ദ്രന്‍, ഷൈനി അഷറഫ്, ഹഫീസ് മുഹമ്മദ്, ഷാജി തോമസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.