ലോക്​സഭ തെരഞ്ഞെടുപ്പ്​: സ്ഥാനാർഥി ചർച്ചകളിലേക്ക്​ കേരള കോൺഗ്രസ്​

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിന് തുടക്കമിട്ടതിനുപിന്നാലെ കേരള കോൺഗ്രസ്-എം സ്ഥാനാർഥി ചർച്ചകളിലേക്ക്. സ്ഥാനാർഥി നിർണയമടക്കം ആലോചിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതി​െൻറ തുടർച്ചയായി പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ഞായറാഴ്ച കോട്ടയത്ത് നടക്കും. നേരേത്ത പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ജോസ്‌ കെ. മാണി എം.പിയുടെ നേതൃത്വത്തില്‍ കോട്ടയം ലോക്‌സഭ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഒാരോ പഞ്ചായത്തി​െൻറയും ചുമതല സംസ്ഥാന, ജില്ല ഭാരവാഹികള്‍ക്ക്‌ നൽകാനാണ് തീരുമാനം. ജോസ് കെ. മാണി കോട്ടയം മണ്ഡലത്തെ അനാഥമാക്കിയെന്ന തരത്തിൽ സി.പി.എം നടത്തുന്ന പ്രചാരണം നേരിടുന്നതും ചർച്ചയാകും. വികസനപദ്ധതികൾ ചൂണ്ടിക്കാട്ടി പ്രത്യേക കാമ്പയിനും രൂപം നൽകും. കോട്ടയം കോൺഗ്രസിന് നൽകി ഇടുക്കിയിൽ മത്സരിക്കുമെന്ന ചർച്ചകൾ നടന്നിരുന്നു. എന്നാൽ, ഇപ്പോൾ കോൺഗ്രസിന് ഇതിനോട് താൽപര്യമില്ല. ഇടുക്കി സീറ്റ് നൽകിയാൽ അടുത്തതവണ തങ്ങളുടെ ശക്തികേന്ദ്രത്തിലെ സീറ്റ് എന്ന തുറുപ്പുശീട്ടിറക്കി കോട്ടയത്തിനുമേലും പിടിമുറുക്കുമെന്ന ഭയത്തിലാണ് കോൺഗ്രസ്. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടയത്ത് കേരള കോൺഗ്രസ് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇവിടെ കോൺഗ്രസ് സ്ഥാനാർഥി വേണമെന്നാണ് ഭൂരിഭാഗം പ്രവർത്തകരുടെയും ആവശ്യം. അതിനിടെ, ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസിനെ കോട്ടയം സീറ്റിൽ മത്സരിപ്പിക്കാനുള്ള ആലോചനകളും കേരള കോൺഗ്രസിൽ സജീവമാണ്. നിഷയാണ് സ്ഥാനാർഥിയെങ്കിൽ കോൺഗ്രസ് പ്രവർത്തകരുടെ കടുത്ത എതിർപ്പ് നേരിടേണ്ടിവരില്ലെന്നും കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സാമൂഹികരംഗത്ത് നിഷ കൂടുതൽ സജീവമായിട്ടുമുണ്ട്. നിഷ മത്സരിച്ചാൽ എതിർക്കില്ലെന്ന് പി.ജെ. ജോസഫും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, മോൻസ് ജോസഫിനെ കോട്ടയത്ത് മത്സരിപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. എന്നാൽ, മോൻസ് ഇതിനോട് താൽപര്യം കാട്ടുന്നില്ല. അതേസമയം, കോട്ടയത്ത് നിലനിൽക്കുന്ന കോൺഗ്രസ്-കേരള കോൺഗ്രസ് ഭിന്നത മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.