ജില്ലയിൽ ഏഴ്​ പാലം അതീവ അപകടാവസ്ഥയിൽ; പുനർനിർമിക്കാൻ നടപടി തുടങ്ങി

കോട്ടയം: ജില്ലയിലെ ഏഴ് പാലം അതീവ അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പി​െൻറ കണ്ടെത്തൽ. കാഞ്ഞിരപ്പള്ളിയിലെ 26ാം മൈൽ പാലം, വൈക്കത്തെ മറ്റപ്പള്ളിപ്പാലം, മൂത്തേടത്തുകാവ് പാലം, പാലായിലെ മൂന്നിലവ്, കോട്ടയത്തെ പാണംപടി, ഏറ്റുമാനൂരിലെ മാന്നാനം, കടുത്തുരുത്തിയിലെ കൂടല്ലൂർ പാലം തുടങ്ങിയവയാണ് നിലംപതിക്കാവുന്ന നിലയിലുള്ളത്. ഭാരവാഹനങ്ങൾ കടന്നുപോയാൽ അപകടം സംഭവിക്കാമെന്നും പൊതുമരാമത്ത് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെ, പുതുക്കിപ്പണിയാനുള്ള നടപടിക്ക് പൊതുമരാമത്ത് വകുപ്പ് തുടക്കമിട്ടു. പൊതുമരാമത്ത് ഫണ്ടുപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ പുനർനിർമിക്കാനാണ് തീരുമാനം. ഇതിനുള്ള എസ്റ്റിമേറ്റ് നടപടി ആരംഭിച്ചു കഴിഞ്ഞു. 26-ാം മൈലിലാകും ആദ്യം നിർമാണം തുടങ്ങുക. ഇതിനൊപ്പം വൈക്കം-വെച്ചൂർ റോഡിലെ അഞ്ചുമനപ്പാലവും കോട്ടയം-കുമരകം റോഡിലെ കോണത്തോട്ട് പാലവും കിഫ്‌ബി സ്‌പെഷൽ ഫണ്ട് ഉപയോഗിച്ച് പുനർനിർമിക്കാനും തീരുമാനമുണ്ട്. ഒരുവർഷത്തിനുള്ളിൽ നവീകരണം പൂർത്തീകരിച്ച് പാലങ്ങൾ ഗതാഗതയോഗ്യമാക്കാമെന്നാണ് പൊതുമരാമത്ത് വകുപ്പി​െൻറ പ്രതീക്ഷ. അടൂർ-ഏനാത്ത് പാലത്തി​െൻറ തകർച്ചയെത്തുടർന്ന് പൊതുമരാമത്ത് മന്ത്രി കെ. സുധാകരൻ സംസ്ഥാനത്തെ മുഴുവൻ പാലങ്ങളും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ജില്ലയിൽ പരിശോധന നടത്തിയത്. ഇതിൽ 144 പാലം സുരക്ഷിതമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ മൊത്തം 305 പാലമാണുള്ളത്. പരിശോധനയിൽ 137 എണ്ണം അറ്റകുറ്റപ്പണിയും ഏഴെണ്ണം പുനർനിർമിക്കേണ്ട അവസ്ഥയിലുമാണെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് വകുപ്പ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു. സൂപ്രണ്ട് എക്‌സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ ജില്ലയിലെ എക്‌സിക്യൂട്ടിവ് എൻജിനീയറും പാലങ്ങളുടെ ചുമതലയുള്ള എൻജിനീയർമാരും അടങ്ങുന്ന പ്രത്യേക സംഘമാണ് സുരക്ഷാ ഭീഷണി നേരിടുന്ന പാലങ്ങളുടെ പട്ടിക തയാറാക്കിയത്. അപകടാവസ്ഥയിലായ പാലങ്ങളിൽ ഭൂരിഭാഗവും വാഹനങ്ങൾ കടന്നുപോകുന്നതും നൂറുകണക്കിനാളുകൾ ആശ്രയിക്കുന്നതുമാണ്. പാലത്തി​െൻറ കമ്പികൾ ഇളകിമാറി വിള്ളൽ വീണ് കാൽനടക്കാരുടെ ജീവന് ഭീഷണിയാകുന്ന നിലയിലാണ്. ഇൗ സാഹചര്യത്തിൽ പുനർനിർമാണം വേഗത്തിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ഇൗ പാലങ്ങളിൽ അടുത്ത ഘട്ടമായി അതീവ അപകടാവസ്ഥയിലെന്ന് കണ്ടെത്തിയ പാലങ്ങളിലെ ഗതാഗതം നിരോധിക്കുന്നതിെനക്കുറിച്ചും ആലോചിക്കുന്നുണ്ട്. ബലക്ഷയം കണ്ടെത്തിയ മറ്റ് പാലങ്ങളിൽ അറ്റകുറ്റപ്പണിയും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.