ഡയറക്ട് മാർക്കറ്റിങ്​ കമ്പനിയിൽനിന്ന്​ കുട്ടികളടക്കമുള്ള തൊഴിലാളികളെ മോചിപ്പിച്ചു

കൽപറ്റ: പനമരം -നടവയൽ റോഡിൽ പ്രവർത്തിക്കുന്ന ഡയറക്ട് മാർക്കറ്റിങ് കമ്പനിയുടെ ഏജൻസി ഒാഫിസിൽനിന്ന് കുട്ടികളടക്കമുള്ള തൊഴിലാളികളെ മോചിപ്പിച്ചു. കമ്പനിയുടെ പരസ്യം വിശ്വസിച്ച് ജോലിക്ക് ചേർന്നവർ കൊടിയ മാനസിക പീഡനവും വേതന നിഷേധവും അടിമത്തവും നേരിടുന്നുവെന്ന് റിപ്പോർട്ട് ചെയ്തതി​െൻറ അടിസ്ഥാനത്തിൽ കമ്പനിയുടെ ഏജൻസി ഓഫിസിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുട്ടികളടക്കം നാലുപേരെ മോചിപ്പിച്ചത്. 15,000 മുതൽ ശമ്പളവും താമസം, ഭക്ഷണം എന്നിവ സൗജന്യവുമാണെന്ന വാഗ്ദാനങ്ങളിൽപെട്ട് എത്തുന്ന യുവാക്കളാണ് തട്ടിപ്പിനിരയാകുന്നത്. ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ മാനേജറാക്കുമെന്ന വാഗ്ദാനവുമുണ്ട്. ഇങ്ങനെയെത്തുന്നവരിൽനിന്ന് സർട്ടിഫിക്കറ്റുകൾ, മൊബൈൽ ഫോൺ എന്നിവ പിടിച്ചുവെക്കുകയും നിത്യേന 2000 മുതലുള്ള ടാർജറ്റ് നൽകുകയുമാണ് ചെയ്യുന്നത്. ടാർഗറ്റ് തികക്കാത്തവർക്ക് വൈകീട്ട് നടത്തുന്ന യോഗത്തിൽ ശിക്ഷണ നടപടികളുണ്ട്. ചെരിപ്പുമാല അണിയിക്കുകയും, മുഖത്ത് കറുത്ത ചായം പുരട്ടി അവഹേളിക്കുകയും ചെയ്യും. ഇവർക്ക് അർധരാത്രി കഴിഞ്ഞും നീണ്ടുനിൽക്കുന്ന പ്രത്യേക പരിശീലനവും നൽകും. നാമമാത്രമായ തുകയാണ് ശമ്പളമെന്ന രീതിയിൽ നൽകുന്നത്. പലർക്കും മാസങ്ങളായി ഇതുപോലും നൽകുന്നില്ല. രാത്രി ഏതാനും സമയം മാത്രം ഫോൺ നൽകും. ടാർഗറ്റ് തികക്കാത്തവർ കമ്പനിക്ക് കടക്കാരായിമാറുകയും ചെയ്യുന്നു. സർട്ടിഫിക്കറ്റുകളും ഫോണും മറ്റു സാധനങ്ങളും പിടിച്ചുവെച്ചിരിക്കുന്നതിനാലും കേസ് കൊടുക്കുമെന്ന ഭീഷണിയുള്ളതിനാലും ഫീൽഡിൽനിന്ന് രക്ഷപ്പെടാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെ വിട്ടുപോയവർക്ക് മാസങ്ങളോളമുള്ള ശമ്പളം ലഭിക്കാനുണ്ടെന്നും യുവാക്കൾ പറയുന്നു. 14ഓളം പേർ ഈ സ്ഥാപനത്തിലുണ്ട്. തങ്ങളെക്കാളും ദുരിതത്തിലാണ് അവരെന്നും കുടുംബത്തിലെ ദാരിദ്യ്രവും പേടിയും അവരെ പരാതിപ്പെടുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നതായും രക്ഷപ്പെട്ടവർ പറയുന്നു. എ.ഡി.എം കെ.എം. രാജുവി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനപ്രകാരം ജില്ല ലേബർ ഓഫിസർ കെ. സുരേഷ്, എ.എൽ.ഒ സി. രാഘവൻ, ബത്തേരി ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ പി.പി. പ്രദീപ്കുമാർ, സെയിൽസ് ടാക്സ് ഓഫിസർ ഗംഗാധരൻ, പനമരം എസ്.ഐ ഇ.വി. മത്തായി, ചൈൽഡ് ലൈൻ കോഓഡിനേറ്റർ മജേഷ് രാമൻ, ബോണ്ടഡ് ലേബർ ഇറാഡിക്കേഷൻ പ്രോജക്ട് ലീഗൽ കൺസൾട്ടൻറ് കെ.എം. പ്രദീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. പനമരം പൊലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തു. കുട്ടികളുമായി ബന്ധപ്പെട്ട കേസ് തുടർ നടപടികൾക്കായി പൊലീസ്, സി.ഡബ്ല്യൂ.സി എന്നിവർക്ക് നൽകുമെന്നും ചൈൽഡ് ലൈൻ കോഓഡിനേറ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.