നോഹയുടെ പെട്ടകം നിർമി​ക്കാൻ ഉപയോഗിച്ചതെന്ന്​ വിശ്വസിക്കുന്ന വൃക്ഷങ്ങൾ ഗവിയിൽ; ഗവേഷകർക്കും സഞ്ചാരികൾക്കും കൗതുകം

കോട്ടയം: ഖുർആനിലും ബൈബിളിലും പരാർശിക്കുന്ന നോഹയുടെ പെട്ടകം (നൂഹ് നബി) നിർമിക്കാൻ ഉപയോഗിച്ചെന്ന് വിശ്വസിക്കുന്ന ഗോഫർ മരങ്ങൾ ഗവി വനത്തിൽ പടർന്ന് പന്തലിച്ചു നിൽക്കുന്നത് ഗവേഷകരിലും സഞ്ചാരികളിലും കൗതുകമുണർത്തുന്നു. കൊച്ചുപമ്പ വെയ്റ്റിങ് ഷെഡിന് സമീപം രണ്ടെണ്ണം അടുത്തും ഒരെണ്ണം അൽപംമാറിയുമാണ് വളരുന്നത്. 'ബോഡോകോര്‍പസ് നെജിയാന' എന്നാണ് ശാസ്ത്രീയനാമം. ഗവി-കൊച്ചുപമ്പ പാതയോരത്തെ വലിയ മൂന്ന് ഗോഫർ മരങ്ങൾ ഏഷ്യയിൽ മറ്റൊരിടത്തും കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. മലയാളത്തിൽ നിലംബാനിയെന്നാണ് (നിറംപല്ലി) വിളിക്കുന്നത്.15 വർഷങ്ങൾക്ക് മുമ്പ് പെരിയാർ ടൈഗർ റിസർവ് വനത്തി​െൻറ ഭാഗമായ ഗവിയിൽ ജർമൻ ശാസ്ത്രജ്ഞമാർ നടത്തിയ പഠനത്തിലാണ് 'നോഹയുടെ പെട്ടകം' നിർമിക്കാൻ ഉപയോഗിച്ച വൃക്ഷമാണിതെന്ന് കണ്ടെത്തിയത്. പിന്നീട് എല്ലാവർഷവും മരവുമായി ബന്ധപ്പെട്ട നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിനായി ജർമനിയിൽനിന്നുള്ള ഗവേഷണസംഘം വൃക്ഷത്തി​െൻറ ചുറ്റളവും വളർച്ചയും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശേഖരിച്ച് മടങ്ങാറുണ്ടെന്ന് കേരള ഫോറസ്റ്റ് ഡെവലപ്മ​െൻറ് കോർപറേഷൻ ഡിവിഷനൽ മാനേജർ പി.കെ. രാധാകൃഷ്ണൻ പറഞ്ഞു. വർഷങ്ങളുടെ പഴക്കം കണക്കാക്കുന്ന വൃക്ഷം പശ്ചിമഘട്ട മലനിരകളില്‍ പൂവിടാതെ കായ്ക്കുന്ന ഏകമരമാണ്. പച്ചമരം വെട്ടി വെള്ളത്തിലിട്ടാലും പൊങ്ങിക്കിടക്കുമെന്നതാണ് സവിശേഷത. ശിഖരങ്ങളും വേരുകളും അറുത്തുമാറ്റി പുതിയമരം നട്ടുപിടിപ്പിക്കാനുള്ള പരീക്ഷണവും വിജയിച്ചിട്ടില്ല. ഇടക്കിടെ പൂക്കുന്ന ചുരുണ്ട ഇലയോടുകൂടിയ വൃക്ഷത്തി​െൻറ കായ പാകിയിട്ടും വളരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. വൃക്ഷത്തി​െൻറ ചരിത്രപ്രാധാന്യം മനസ്സിലാക്കി വേണ്ടത്ര സംരക്ഷണം ഒരുക്കാൻ ഇനിയും വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. ഗവിയിലെ ഇക്കോ ടൂറിസമായി ബന്ധപ്പെട്ട് എത്തുന്ന വിനോദസഞ്ചാരികൾക്കുപോലും വൃക്ഷം ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ്. മഹാജലപ്രളയത്തിൽനിന്ന് ജനതയെയും ജീവജാലങ്ങളെയും രക്ഷിക്കാൻ നോഹ പെട്ടകം നിർമിച്ച ചരിത്രം ഖുർആനിലും ബൈബിളിലും സമാനരീതിയിലാണ് പരാമർശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.