അഭയ കേസ്: പ്രതിയാക്കിയതിനെതിരെ ക്രൈംബ്രാഞ്ച് മുന്‍ എസ്​.പിയുടെ ഹരജി

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസിൽ പ്രതിയാക്കിയ സി.ബി.ഐ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മുന്‍ എസ്.പി ഹൈകോടതിയിൽ. തെളിവുകള്‍ നശിപ്പിച്ചതിന് നാലാം പ്രതിയാക്കിയ നടപടിക്കെതിരെ കെ.ടി. മൈക്കിളാണ് കോടതിയെ സമീപിച്ചത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്ന് മൈക്കിള്‍ സമര്‍പ്പിച്ച ഹരജിയിൽ പറയുന്നു. അഭയയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥ​െൻറ മേലുദ്യോഗസ്ഥന്‍ മാത്രമായിരുന്നു താന്‍. അന്വേഷണത്തി​െൻറ ഭാഗമായി അഭയയുടെ വസ്ത്രം, ശിരോവസ്ത്രം, സ്വകാര്യ ഡയറി എന്നിവ ശേഖരിച്ചിരുന്നു. അഭയയുടെ മരണം ആത്മഹത്യയാണെന്ന ലോക്കല്‍ െപാലീസി​െൻറ കണ്ടെത്തല്‍ ക്രൈംബ്രാഞ്ച് ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നത്. വര്‍ഗീസ് പി. തോമസായിരുന്നു സി.ബി.ഐയുടെ അന്വേഷണ ഉദ്യോഗസ്ഥന്‍. കൈവശമുള്ള എല്ലാ രേഖകളും വിവരങ്ങളും ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറി. എന്നാല്‍, വസ്ത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ 1992 ജൂലൈ ആറിന് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പാതിവഴിയില്‍ അന്വേഷണത്തില്‍നിന്ന് പിന്മാറിയ വര്‍ഗീസ് പി. തോമസ് തനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. അഭയയുടെ മരണം കൊലപാതകമാണെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. കൊലപാതകക്കേസിലെ തെളിവുകള്‍ നശിപ്പിക്കല്‍ ഗൗരവമേറിയ സംഭവമാണ്. തുടരന്വേഷണം ആവശ്യപ്പെട്ട് താന്‍ നല്‍കിയ ഹരജി സി.ബി.ഐ പ്രത്യേക കോടതി തള്ളി. ഇതിനെതിരെ അപ്പീല്‍ നല്‍കിയപ്പോള്‍ ഹൈകോടതിയാണ് തുടരന്വേഷണം നടത്താന്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയത്. കേസില്‍ സി.ബി.ഐ നല്‍കിയ അധിക കുറ്റപത്രം തനിക്കെതിരെയും ആരോപണം ഉന്നയിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ. സാമുവല്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ തന്നെ പ്രതിയാക്കാനാവില്ലെന്നും ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.