ഗ്രേസ്​ മാർക്ക്​ നേടാൻ എ ഗ്രേഡി​െൻറ വ്യാജസർട്ടിഫിക്കറ്റ്; ഡി.ഡി.ഇ ഒാഫിസിനെതിരെ ആരോപണം

പടിഞ്ഞാറത്തറ(വയനാട്): ജില്ല സ്കൂൾ കലോത്സവത്തിൽ പരാജയപ്പെട്ട മത്സരാർഥിക്ക് എ ഗ്രേഡ് രേഖപ്പെടുത്തിയ വ്യാജ സർട്ടിഫിക്കറ്റ് ഡി.ഡി.ഇ ഓഫിസിൽ നിന്ന് നൽകിയതായി പരാതി. പനമരത്ത് നടന്ന 38ാമത് ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യത്തിൽ പരാജയപ്പെട്ട മാനന്തവാടി താലൂക്കിലെ ഒരു വിദ്യാർഥിനിക്കാണ് എ ഗ്രേഡ് ലഭിച്ചതായി സർട്ടിഫിക്കറ്റ് കൊടുത്തത്. ഇതോടെ ഇൗ കുട്ടിക്ക് ഗ്രേസ് മാർക്കായി എസ്.എസ്.എൽ.സിക്ക് 30 മാർക്ക് ലഭിക്കുക. എേട്ടാ ഒമ്പേതാ ക്ലാസിൽനിന്ന് സംസ്ഥാനതലം വരെയെത്തി എ, ബി, സി ഗ്രേഡുകളിൽ ഏതെങ്കിലും നേടുകയും പത്താം ക്ലാസിൽ നിന്നു ചുരുങ്ങിയത് ജില്ല തലത്തിൽ മത്സരിച്ച് എ ഗ്രേഡ് ലഭിക്കുകയും ചെയ്താലേ ഗ്രേസ് മാർക്കിന് അർഹതയുണ്ടാവൂ. ഇത് ലഭിക്കുന്നതിനാണ് ജില്ല കലോത്സവത്തിൽ എ ഗ്രേഡ് രേഖപ്പെടുത്തിയ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തുന്നത്. ജില്ല കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടുന്ന മത്സരാർഥികൾക്ക് ചട്ടപ്രകാരം വിദ്യാഭ്യാസ വകുപ്പി​െൻറ സോഫ്റ്റ് വെയറിൽ നിന്ന് ഒരേ രീതിയിലുള്ള സർട്ടിഫിക്കറ്റുകളാണ് നൽകുക. ഇതിൽ പേര് മുതൽ എല്ലാ വിവരവും ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ പ്രിൻറ് ചെയ്തതായിരിക്കും. എന്നാൽ, വ്യാജ സർട്ടിഫിക്കറ്റ് ഈ സോഫ്റ്റ് വെയറിൽ നിന്നല്ല പ്രിൻറ് എടുത്തിരിക്കുന്നത്. ഇതിലെ എഴുത്ത് ചെറിയ അക്ഷരത്തിൽ ആയതാണ് മാറ്റം തിരിച്ചറിയാൻ ഇടയാക്കിയത്. ഔദ്യോഗിക സോഫ്റ്റ് വെയറിൽ കയറ്റാതെ പുറത്തു നിന്നു സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്ത് നൽകിയതായാണ് ആരോപണം. സംഭവം വിവാദമായതോടെ ഔദ്യോഗികതലത്തിൽ ഇത് ഒതുക്കി തീർക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു അധ്യാപിക കെ.എസ്.ടി.എ ക്ക് പരാതി നൽകിയതായാണ് വിവരം. എന്നാൽ, വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന വാർത്ത ഡി.ഡി. ഇ ഓഫിസ് നിഷേധിച്ചു. ഭരതനാട്യ മത്സരത്തിൽ വിജയിച്ചില്ലെങ്കിലും മേൽ മത്സരാർഥിക്ക് അപ്പീൽ അതോറിറ്റി പ്രത്യേക പരിഗണന നൽകി. സർട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നെന്നും ഒരു ക്രമക്കേടും ഈ വിഷയത്തിൽ നടന്നിട്ടില്ലെന്നും ഡി.ഡി.ഇ 'മാധ്യമ'ത്തോട് പറഞ്ഞു. സർട്ടിഫിക്കറ്റുകൾ തമ്മിലെ അന്തരത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇത് വേറെ തന്നെ പ്രിൻറ് ചെയ്തതാണെന്നും അധികൃതർ പറഞ്ഞു. അപ്പീൽ അതോറിറ്റിക്ക് ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ അനുവദിക്കാം എന്ന് ഉണ്ടെങ്കിലും ഈ സർട്ടിഫിക്കറ്റ് തികച്ചും നിയമവിരുദ്ധമാണെന്ന് അധ്യാപകർ തന്നെ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളിലും ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടിയെടുക്കണമെന്നുമാണ് അധ്യാപകർ പറയുന്നത്. ഒരു കുട്ടിക്ക് മാത്രമല്ല പലർക്കും ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അധ്യാപകർ ആരോപിക്കുന്നു. സബ് ജില്ല മത്സരത്തിൽ പരാജയപ്പെട്ട ഈ വിദ്യാർഥിനി അപ്പീലുമായാണ് ജില്ലതല മത്സരത്തിന് എത്തിയതത്രേ. അപ്പീലുമായി വരുന്ന മത്സരാർഥികൾ വിജയിച്ചില്ലെങ്കിൽ മത്സരത്തിൽ പങ്കെടുത്തതായിപോലും പരിഗണിക്കില്ലെന്നാണ് മാന്വൽ പ്രകാരം പറയുന്നത്. ആ സാഹചര്യത്തിൽ പൂർണമായും പരാജയപ്പെട്ട വിദ്യാർഥിനിക്ക് എ ഗ്രേഡ് സർട്ടിഫിക്കറ്റ് അനുവദിച്ചതാണ് വിവാദമായിരിക്കുന്നത്. --റഫീഖ് വെള്ളമുണ്ട
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.