കക്കി-ആനത്തോട് ഡാം തുറന്നു

ചിറ്റാർ: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി-ആനത്തോട് ഡാം നിറഞ്ഞതിനെ തുടർന്ന് നാല് ഷട്ടറിൽ രണ്ടെണ്ണം തുറന്നു. ആനത്തോട്, കക്കി അണക്കെട്ടുകൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഇതിൽ ആനത്തോടിനു മാത്രമാണ് ഷട്ടറുകൾ ഉള്ളത്. വ്യാഴാഴ്ച രാവിലെ മധ്യഭാഗത്തെ രണ്ട് ഷട്ടർ 10 സെ.മീ വീതം ഉയര്‍ത്തുകയായിരുന്നു. അഞ്ചുവർഷത്തിനു ശേഷം ആദ്യമായാണ് ഡാം തുറന്നത്. 11.50ന് രണ്ടാം നമ്പർ ഷട്ടറും 12.10ന് മൂന്നാം നമ്പർ ഷട്ടറുമാണ് തുറന്നത്. രാവിലെ ഇതിന് പത്തനംതിട്ട കലക്ടർ അനുമതി നൽകി. ഇവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കുട്ടനാടൻ പ്രദേശങ്ങളിലെത്തി നാശനഷ്ടമുണ്ടാകുമെന്ന ആശങ്കയിൽ ആലപ്പുഴ ജില്ല കലക്ടറുടെ അനുമതി കിട്ടാനാണ് 11.50വരെ കാത്തത്. രണ്ട് ഷട്ടർ ഉയർത്തി സെക്കൻഡിൽ 154 ക്യുബിക് മീറ്റർ ജലം ഒഴുക്കിവിട്ടു. 981.46 മീറ്റർ ശേഷിയുള്ള കക്കി ഡാമിൽ ജലനിരപ്പുയർന്നതിനാൽ ബുധനാഴ്ച വൈകീട്ട് റെഡ് അലർട്ട് നൽകിയിരുന്നു. പമ്പ ഡാമിലും ജലനിരപ്പ് കൂടിയിട്ടുണ്ട്. ഇവിടെ മൂന്നാം ഘട്ട റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 986.66 മീറ്ററാണ് പമ്പ ഡാമി​െൻറ പരമാവധി സംഭരണ ശേഷി. വ്യാഴാഴ്ച 986 മീറ്ററാണ് ജലനിരപ്പ്. കക്കി-ആനത്തോട് അണക്കെട്ടിനെ കൊച്ചുപമ്പ അണക്കെട്ടുമായി ബന്ധിപ്പിക്കുന്ന തുരങ്കം (ഐ.സി ടണൽ) ബുധനാഴ്ച വൈകുന്നേരത്തോടെ അടച്ചിരുന്നു. ഇതോടെ ഇവിടെ നിന്ന് കക്കി ഡാമിലേക്കുള്ള നീരൊഴുക്കു നിലച്ചു. മഴ തുടരുന്നതിനാൽ ശബരിഗിരി പദ്ധതി പ്രദേശത്തേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.