കനത്ത മഴ: ജില്ലയിൽ 36 വീട്​ തകർന്നു; 160 ഹെക്​ടറിൽ കൃഷിയും നശിച്ചു

കോട്ടയം: തുടർച്ചയായി പെയ്ത കനത്തമഴയിൽ ജില്ലയിൽ 36 വീട് ഭാഗികമായി തകർന്നു. 160.55 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. തിങ്കളാഴ്ച മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും സുഹൃത്തുക്കൾക്കൊപ്പം പാടത്ത് കുളിക്കാനിറങ്ങിയ മധ്യവയസ്ക​െൻറ മരണം നൊമ്പരമായി. വെള്ളം ഉയർന്നതോടെ തെള്ളകം കണിയാംപറമ്പ് പുഞ്ചപ്പാടത്ത് കുളിക്കാനിറങ്ങിയ പേരൂർ അമ്പനാട്ട് നടയ്ക്കൽ ശശിയാണ് (54) മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് പാടത്തെ വെള്ളക്കെട്ടിൽ നീന്താനിറങ്ങിയ ശശിയെ പിന്നീട് കാണാതാകുകയായിരുന്നു. പിന്നീട് കോട്ടയത്തുനിന്ന് എത്തിയ അഗ്നിശമനസേന മണിക്കൂറുകൾ നടത്തിയ തിരച്ചിനൊടുവിൽ വൈകീട്ട് മൃതദേഹം കണ്ടെത്തുകയായിരുന്നു. അഞ്ചു താലൂക്കിലായി ഭാഗികമായി തകർന്ന വീടുകൾക്ക് 4,81,000 രൂപയുടെ നാശഷ്ടം കണക്കാക്കുന്നു. കൂട്ടിക്കൽ, കൊഴുവനാൽ, കറുകച്ചാൽ, മറവൻതുരുത്ത്, പായിപ്പാട് തുടങ്ങിയ പ്രദേശങ്ങളിലായി 204 കർഷകരുടെ 160.55 ഹെക്ടർ കൃഷിയാണ് നശിച്ചത്. നാശനഷ്ടം 24,56,000 ലക്ഷമാണ്. പായിപ്പാട് പഞ്ചായത്തിൽ മാത്രം 95.55 ഹെക്ടറിലെ നെൽകൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. ഇതിന് 1,29,000 രൂപയാണ് നഷ്ടം കണക്കാക്കുന്നു. കൂട്ടിക്കൽ, കൊഴുവനാൽ, കറുകച്ചാൽ, മറവൻതുരുത്ത് എന്നിവിടങ്ങളിൽ കൃഷി ചെയ്ത റബർ, കവുങ്ങ്, വാഴ, പച്ചക്കറി ഉൾപ്പെടെ 64.996 ഹെക്ടർ ഭൂമിയിലെ കൃഷിയാണ് നശിച്ചത്. ഇതിന് 23,27,000 രൂപയും നാശനഷ്ടം കണക്കാക്കുന്നു. വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്ന് കിടങ്ങൂര്‍ പ്രയാര്‍ ഗവ.എൽ.പി.എസ്, ചെങ്ങളം ടൗൺ എൽ.പി.എസ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോട്ടയം താലൂക്കിൽ 10ഉം ചങ്ങനാശ്ശേരി താലൂക്കിൽ 14ഉം വൈക്കം, മീനച്ചിൽ താലൂക്കുകളിൽ മൂന്നുവീതവും കാഞ്ഞിരപ്പള്ളി താലൂക്കിൽ രണ്ടും വീടുകൾ ഭാഗികമായി തകർന്നു. കോട്ടയത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കല്ലും മണ്ണും ഇടിഞ്ഞ് റെയിൽവേ സ്റ്റേഷൻ റോഡിൽ തൂമ്പുക്കൽ പി.കെ. മോഹനൻ, വൻമതിലിടിഞ്ഞ് വൈ.ഡബ്ല്യു.സിക്ക് പുറകുവശം മറ്റീത്ര തോപ്പിൽ തരകൻ വീട്ടിൽ ബിനു എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. കനത്തമഴയിൽ മരം വീണും മണ്ണിടിഞ്ഞുമാണ് മറ്റ് വീടുകൾക്ക് നാശമുണ്ടായത്. തിരുവാർപ്പ് ചിറയിൽ രാജൻ, നാട്ടകം പുന്നമടത്തിൽ രാജമ്മ, നാട്ടകം സ്വദേശി പുരുഷോത്തമൻ, വേളൂർ ചേന്നാപാണിൽ സുനിൽ, വേളൂർ ഹുമയൂൺ മൻസിൽ അബ്ദുൽഅസീസ്, നാട്ടകം താന്നിക്കാട്ട് മറ്റത്തിൽ ജോസഫ്, മുട്ടമ്പലം മോഹനൻ, തിരുവാർപ്പ് വാഴവേലിൽ വി.പി. പ്രദീപ്, തിരുവാർപ്പ് വാഴക്കാട്ടിൽ ബിജു എന്നിവരുടെ വീടുകളാണ് ഭാഗികമായി നശിച്ചത്. വൈക്ക് താലൂക്കിൽ രണ്ടു വീട് പൂർണമായും നശിച്ചു. മണ്ണിടിഞ്ഞ് വെള്ളൂർ തോന്നല്ലൂർ സ്രാംകുഴിയിൽ ബിജുവി​െൻറ വീടും വടയാർ കുറിഞ്ഞിക്കാലായിൽ ലിസി ദേവസ്യയുടെ കിണറും പൂർണമായും തകർന്നു. ചങ്ങനാശ്ശേരി താലൂക്കിൽ 14 വീടും തകർന്നത് കനത്തകാറ്റിൽ മേൽക്കൂര പറന്നുപോയാണ്. ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെട്ട വാഴൂർ -നാല്, പായിപ്പാട് -രണ്ട്, മാടപ്പള്ളി -രണ്ട്, കറുകച്ചാൽ -രണ്ട്, ചെത്തിപ്പുഴ -ഒന്ന്, കുറിച്ചി -ഒന്ന്, ചങ്ങനാശ്ശേരി -ഒന്ന്, നെടുകുന്നം -ഒന്ന് എന്നിങ്ങനെയാണ് വീടുകൾ തകർന്നത്. കോട്ടയം നഗരസഭയിലെ നാഗമ്പടം ആറ്റുമാലി ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. കാരാപ്പുഴ മേഖലയിലെ നിരവധി വീടുകളിലും വെള്ളം കയറി ദുരിതമുണ്ടായി. അയ്മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, കല്ലറ പഞ്ചായത്തുകളില്‍ നെല്‍കൃഷി വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുറവിലങ്ങാട്, കടുത്തുരുത്തി, മാഞ്ഞൂര്‍ മേഖലകളിലെ പച്ചക്കറി കൃഷിയും നാശത്തി​െൻറ വക്കിലാണ്. ചങ്ങനാശ്ശേരി മേഖലയിലും മഴ നാശം വിതച്ചു. ഏക്കറുകണക്കിനു സ്ഥലത്തെ കൃഷി വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ വെള്ളം കയറിയിയെങ്കിലും ഗതാഗതതടസ്സമുണ്ടായില്ല. സ്കൂളുകൾക്ക് ഇന്ന് അവധി കോട്ടയം: വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ തിരുവാർപ്പ്, കുമരകം, അയ്മനം, വേളൂർ, ചെങ്ങളം സൗത്ത്, ആർപ്പൂക്കര എന്നീ വില്ലേജുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ ബി.എസ്. തിരുമേനി അറിയിച്ചു. കോട്ടയത്ത് ലഭിച്ചത് റെക്കോഡ് മഴ കോട്ടയം: ശനി, ഞായർ ദിവസങ്ങളിലായി ജില്ലയിൽ പെയ്തത് റെക്കോഡ് മഴ. കോട്ടയത്ത് എട്ട് സ​െൻറീമീറ്ററും കോഴയിൽ 7.5 സ​െൻറീമീറ്ററും കുമരകത്ത് 10.9 സ​െൻറീമീറ്ററും വൈക്കത്ത് 9.8 സ​െൻറീമീറ്ററും മഴയാണ് ലഭിച്ചത്. പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രത്തിലെ കണക്കനുസരിച്ചാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.