മൂലമറ്റം വൈദ്യുതി നിലയം: സ്പെറിക്കൽ വാൽവിലെ തകരാർ തൽക്കാലം കണക്കിലെടുക്കേണ്ടെന്ന്​ തീരുമാനം

മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ സ്പെറിക്കൽ വാൽവിലെ തകരാർ വൈദ്യുതി പ്രതിസന്ധി മറികടന്നശേഷം പരിഹരിക്കാൻ ധാരണ. നാല്, അഞ്ച് നമ്പർ ജനറേറ്ററുകളുടെ സ്പെറിക്കൽ വാൽവിന് സമീപമാണ് കഴിഞ്ഞദിവസം നേരിയ ചോർച്ചയുണ്ടായത്. വാൽവിലെ സീലുകൾക്ക് തകരാർ ഉണ്ടെങ്കിലും തുടർന്നും ജനറേറ്റർ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കുകയാണ്. പുറം വൈദ്യുതിക്ക് വില വർധിച്ചതു മൂലവും ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിൽ തടസ്സം ഇല്ലാത്തതിനാലുമാണ് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതെന്ന് അധികൃതർ പഞ്ഞു. ഒരാഴ്ചകൂടി വൈദ്യുതി പ്രതിസന്ധി തുടരുമെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്. പ്രതിസന്ധിക്ക് ശേഷം അഞ്ചാം നമ്പർ ജനറേറ്ററും നാലാം നമ്പർ ജനറേറ്ററും അറ്റകുറ്റപ്പണിക്കായി എടുക്കേണ്ടിവരും. ഈ സമയം തകരാർ പരിഹരിക്കാനാണ് തീരുമാനം. ഇതര സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് കൽക്കരി ക്ഷാമത്തെത്തുടർന്ന് ഒരാഴ്ചയായി വില ഇരട്ടിയായി വർധിച്ചു. ഇൗ സാഹചര്യത്തിലാണ് തകരാർ കണക്കിലെടുക്കാതെ പരമാവധി ജല വൈദ്യുതി ഉൽപാദനത്തിന് തീരുമാനിച്ചത്. പ്രതിസന്ധി മൂലം മൂലമറ്റം വൈദ്യുതി നിലയത്തിലെ അഞ്ച് ജനറേറ്ററുകളും പ്രവർത്തിപ്പിക്കുകയാണ്. വാർഷിക അറ്റകുപ്പണി പോലും നിർത്തിയിട്ടിരിക്കുകയാണ്. നാല്, അഞ്ച് നമ്പർ ജനറേറ്ററുകളുടെ തകരാർ ഇപ്പോൾ പരിഹരിക്കാൻ ശ്രമിച്ചാൽ കേരളത്തിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടിവരും. അതല്ലെങ്കിൽ ഉയർന്ന വിലക്ക് പുറം സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി വാങ്ങേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.