വെളിച്ചം വിളയുന്ന നാട്​

ഇടുക്കിയെന്നാൽ സൗന്ദര്യം മാത്രമല്ല. ഉൗർജത്തറവാടുമാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നത് സംസ്ഥാനത്തിന് സന്തോഷം പകരുന്നു. എന്നാൽ, ജലനിരപ്പുയരുന്നത് മുല്ലപ്പെരിയാറിലാണെങ്കിൽ ആശങ്കയും ഉയരും. ഇതാണ് ഇടുക്കിയുടെ മനോനില. മറ്റെവിടെ പെയ്തില്ലെങ്കിലും ഇടുക്കിയിൽ മഴ പെയ്യാൻ കേരളം പ്രാർഥിക്കും. ഇക്കുറി സംസ്ഥാനത്ത് കറൻറ് കട്ട് ഉണ്ടാകുമോ എന്ന സംശയം അകറ്റുന്നത് ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് സൂചിപ്പിക്കുന്ന സ്കെയിൽ നോക്കിയാണ്. ഇത്രയടി താഴ്ന്നു, ജലനിരപ്പ് ഉയരുന്നു തുടങ്ങിയ ഇടുക്കിയിലെ ജലനിരപ്പ് സംബന്ധിച്ച വിവരങ്ങൾ പതിവ് വാർത്തയാകുന്നതും ഇൗ പശ്ചാത്തലത്തിൽ. ജലവൈദ്യുതി ലഭ്യതയുടെ തോത് നിർണയവും കൂട്ടിക്കിഴിക്കലും എന്നല്ല, വൈദ്യുതി നിയന്ത്രണം വേണ്ടിവരുമോ എന്നതടക്കം വൈദ്യുതി ബോർഡി​െൻറ ദിശസൂചകമാകുന്നതും നമ്മുടെ സ്വന്തം ഇടുക്കി ജലാശയം. ഏഷ്യയിെലതന്നെ ഏറ്റവും വലുതാണ് ഇടുക്കി ഡാം. ഇവളാണ് ഇടുക്കിയുടെയും കേരളത്തി​െൻറതന്നെയും യശസ്സുയർത്തി ഉൗർജദായിനിയായി നിൽക്കുന്നത്. ഇടുക്കിക്കാരുടെയും മധ്യകേരളത്തി​െൻറയും ഉറക്കം കെടുത്തുന്ന 'ആശങ്കളുടെ മുല്ലപ്പെരിയാർ' ഡാമും ഇടുക്കിയിൽ തന്നെ. സംസ്ഥാനത്തെ ആദ്യ വൈദ്യുതിനിലയമായ പള്ളിവാസൽ തുടങ്ങി ജില്ലയിൽ ഡാമുകൾ നിരവധി. ഡാമുകളുടെ നാടായ ഇടുക്കിയിലെ വിവിധ അണക്കെട്ടുകളെയും പ്രത്യേകതകളെയും 'ലൈവ്' പരിചയപ്പെടുത്തുന്നു. കുറവനും കുറത്തിയും കൈകോർത്ത് 1922ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ 'കണ്ടെത്തുന്നത്'. നായാട്ടിനിടെ കണ്ടുമുട്ടിയ കൊലുമ്പൻ എന്ന ആദിവാസി തുടർന്നുള്ള യാത്രക്ക് ജോണിന് വഴികാട്ടിയായി. കൊലുമ്പൻ കാണിച്ചുകൊടുത്ത കുറവൻ- കുറത്തി മലയിടുക്കും മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാറും സായിപ്പിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോൽപാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് അദ്ദേഹം കണക്കുകൂട്ടി. പിന്നീട് എൻജിനീയറായ സഹോദര​െൻറ സഹായത്തോടെ അണക്കെട്ടി​െൻറ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂർ ഗവൺമ​െൻറിന് റിപ്പോർട്ട് സമർപ്പിച്ചു. 1937ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്ലാന്തയോ മാസലെ എന്നീ എൻജിനീയർമാർ അണക്കെട്ട് പണിയാൻ അനുകൂലമായി പഠനറിപ്പോർട്ട് സമർപ്പിച്ചു. പെരിയാറിനെയും ചെറുതോണിയെയും ബന്ധിപ്പിച്ച് അണക്കെട്ട് നിർമിക്കാൻ വിവിധ പഠനറിപ്പോർട്ടുകൾ വേറെയുമുണ്ടായി. കേന്ദ്ര ജലവൈദ്യുതി കമീഷനുവേണ്ടിയും സമഗ്രപഠനങ്ങൾ നടന്നു. അനവധി വർഷത്തെ പഠനത്തിനും കൂടിയാലോചനകൾക്കും ശേഷം 1961-ലാണ് അണക്കെട്ടിന് രൂപരേഖ തയാറാക്കിയത്. 1963ൽ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമീഷ​െൻറ അനുമതികിട്ടി. നിർമാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ് ഏറ്റെടുത്തു. 1969 ഏപ്രിൽ 30-നാണ് നീണ്ടനാളത്തെ ആലോചനകൾക്കും പഠനങ്ങൾക്കും ശേഷം അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് പദ്ധതിയുടെ നിർമാണോദ്‌ഘാടനം നിർവഹിച്ചത്. പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവൻ- -കുറത്തി മലകളെ ബന്ധിപ്പിക്കുന്നു. പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകിപ്പോകാതിരിക്കാൻ ചെറുതോണിയിലും ഇതിനടുത്ത കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമിച്ചു. പാറയിടുക്കി​െൻറ സാന്നിധ്യവും മർദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ് നിർമിച്ചത്. 15,000 തൊഴിലാളികൾ ജോലിചെയ്ത പദ്ധതി നിർമാണത്തിനിടെ 85 പേർ അപകടത്തിലും മറ്റും മരിച്ചു. കാനഡ സർക്കാറി​െൻറ വായ്പയും സഹായവും ഉപയോഗിച്ചാണ് ഇടുക്കി ഡാം പണി പൂർത്തീകരിച്ചത്. എസ്.എൻ.സി കാനഡ എന്ന കമ്പനിയാണ് കാനേഡിയൻ സർക്കാറിനുവേണ്ടി നിർമാണത്തിന് ചുക്കാൻപിടിച്ചത്. അടുത്തകാലത്ത് പള്ളിവാസൽ അടക്കം പദ്ധതികളുടെ നവീകരണം ഏറ്റെടുത്ത് രാഷ്ട്രീയ വിവാദത്തിലായതും സർക്കാറിന് കോടികളുടെ നഷ്ടം വരുത്തിവെച്ചതും ഇവരുടെ പിൻഗാമികളായ എസ്.എൻ.സി ലാവലിൻ. എം - 40 കോൺക്രീറ്റ് മിശ്രിതം കൊണ്ട് പണിത ഈ ആർച്ച് ഡാമിന് 168.9 മീറ്റർ ഉയരമുണ്ട്. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്. 1973 ഫെബ്രുവരി മുതൽ ഇടുക്കി ഡാമിൽ ജലം സംഭരിച്ചുതുടങ്ങി. 1975 ഒക്ടോബർ നാലിന് ഇടുക്കി വൈദ്യുതി പദ്ധതിയുടെ ട്രയൽ റൺ നടത്തി. 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരഗാന്ധി ഇടുക്കി ജലവൈദ്യുതി പദ്ധതി നാടിന് സമർപ്പിച്ചു. 60 ചതുരശ്ര കിലോമീറ്ററാണ് ഡാമി​െൻറ വിസ്തീർണം. ഉയരം 554 അടിയും. ഉൽപാദനശേഷി 780 മെഗാവാട്ടാണ്. 130 മെഗാവാട്ട് വീതമുള്ള ആറ് ടർബൈൻ. ഡാമിൽ സംഭരിക്കുന്ന ജലമുപയോഗിച്ച് 40 കിലോമീറ്റർ ദൂരെ മൂലമറ്റം ഭൂഗർഭ നിലയത്തിലാണ് വൈദ്യുതി ഉൽപാദനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.