ദമ്പതികള​ുടെ തിരോധാനം: പൊലീസ്​ ബന്ധുക്കളെ വീണ്ടും ചോദ്യംചെയ്​തു

കോട്ടയം: ദമ്പതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ബന്ധുക്കളെ വീണ്ടും ചോദ്യംചെയ്തു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖി​െൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പുതിയ അന്വേഷണസംഘമാണ് ബന്ധുക്കളായ 12 പേരെ ചോദ്യം ചെയ്തത്. ഇവരിൽനിന്ന് പൊലീസ് നേരത്തേയെടുത്ത മൊഴിയും ഇപ്പോഴത്തെയും മൊഴിയും തമ്മിൽ വൈരുധ്യമുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിൽ പുതിയ ചാര നിറത്തിലുള്ള മാരുതി വാഗൺ ആർ കാറിൽ (KL-05 AJ-TEMP-7183) ഭക്ഷണം വാങ്ങാൻ വീട്ടിൽനിന്ന് പുറപ്പെട്ട കുമ്മനം അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിമിനെയും (42), ഭാര്യ ഹബീബയെയും (37) കാണാതാകുകയായിരുന്നു. കാർ കടന്നുപോയ 39 ഇടങ്ങളിൽനിന്ന് പൊലീസിനു ലഭിച്ച സി.സി ടി.വി അടക്കം ദൃശ്യങ്ങൾ വീണ്ടും പരിശോധനക്ക് വിധേയമാക്കി. പലതിനും ദൃശ്യമികവ് കുറവാണ്. സി.സി ടി.വി ദൃശ്യങ്ങൾ സൂക്ഷ്മപരിശോധന നടത്താൻ എറണാകുളത്തെ സൈബർ സെല്ലി​െൻറ സഹായം തേടിയിട്ടുണ്ട്. ഇതിനുശേഷം കൂടുതൽ അന്വേഷണമുണ്ടാകും. കാണാതായ ദിവസവും തലേന്നും ഹാഷിമുമായി ഫോണിൽ സംസാരിച്ചവരുടെ വിശദ മൊഴിയാണ് േരഖപ്പെടുത്തിയത്. പുതിയവാഹനം എവിടെയെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നത് അടക്കം കാര്യങ്ങളും പരിശോധിച്ചു വരുകയാണ്. വീടിനു തൊട്ടുചേർന്ന് ഒറ്റക്കണ്ടത്തിൽ സ്റ്റോഴ്സ് എന്ന പലചരക്കുകട നടത്തിയിരുന്ന ഹാഷിമും ഭാര്യ ഹബീബയും രാത്രി ഒമ്പതിന് കാറിൽ പുറത്തേക്ക് പോയശേഷം തിരിച്ചുവന്നിട്ടില്ല. പുതിയ കാറി​െൻറ വായ്പയൊഴിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല. മൊബൈൽ ഫോൺ, എ.ടി.എം കാർഡ്, പഴ്സ്, ലൈസൻസ് എന്നിവയും എടുത്തിരുന്നില്ല. ഇവർ തിരിച്ചുവരാതായതോടെ വീട്ടുകാർ കുമരകം െപാലീസിൽ പരാതി നൽകി. നഗരത്തിലെയും പരിസരത്തെയും സി.സി ടി.വി ദൃശ്യങ്ങൾ, പോകാൻ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ ആദ്യഅന്വേഷണത്തിൽ ഫലമുണ്ടായില്ല. സൈബർ സെല്ലി​െൻറ സഹായത്തോടെ ചിത്രങ്ങളും വിവരങ്ങളും സംസ്ഥാനത്തിനകത്തും പുറത്തും കൈമാറിയിരുന്നു. കാർ അപകടത്തിൽപെടാനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടി താഴത്തങ്ങാടി ആറ്റിൽ നേവി സംഘവും സിഡാക്കി​െൻറ അത്യാധുനിക സ്കാനർ ഉപയോഗിച്ച് പാറമടകളിലും ജലാശയങ്ങളിലും പൊലീസും പരിശോധന നടത്തിയെങ്കിലും സൂചന ലഭിച്ചില്ല. ഇൗസാഹചര്യത്തിലാണ് വീണ്ടും അന്വേഷണം ഉൗർജിതമാക്കിയത്. തിരോധാനത്തിന് ആറുമാസം തികയാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.