അങ്ങനെ ആകാംക്ഷക്ക്​ അപ്രതീക്ഷിത അവസാനം; പെട്ടിക്കഥ കെട്ടുകഥയെന്ന്​ ചാൾസ്​

ചങ്ങനാശ്ശേരി: ദിവസങ്ങൾ നീണ്ട ആകാംക്ഷക്ക് അപ്രതീക്ഷിത ക്ലൈമാക്സ്. 15 വര്‍ഷം മുമ്പ് ഏൽപിച്ച പൊതി സുഹൃത്തായിരുന്ന ചാൾസിന് തിരിച്ചുനൽകാൻ സഹായിക്കണമെന്ന ആവശ്യവുമായി തഞ്ചാവൂർ സ്വദേശി ദുർഗ കണ്ണൂർ ടൗൺ പൊലീസിനെ സമീപിച്ചതോടെയാണ് പൊതിക്കെട്ട് കൗതുകവാർത്തയായത്. പൊതിക്കെട്ടിലെന്താണെന്ന് സുഹൃത്തിനെ കണ്ട ശേഷേമ വെളിപ്പെടുത്തൂവെന്ന് യുവതി വ്യക്തമാക്കിയതോടെ ഊഹാപോഹങ്ങളും ആകാംക്ഷയും ഏറി. വർഷങ്ങൾക്കുമുമ്പ് എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒപ്പം ജോലിചെയ്തിരുന്ന സുഹൃത്തായ ചാൾസ് ഒരു പെട്ടി ഏൽപിച്ചിരുന്നതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. പിന്നീട് ആ ജോലി വിട്ട യുവതി കല്യാണം കഴിക്കുകയും ഭര്‍ത്താവിനൊപ്പം ദുബൈയില്‍ താമസമാക്കുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അടുത്തിടെ എറണാകുളത്തുള്ള ചിറ്റയുടെ വീട്ടില്‍ എത്തിയപ്പോഴാണ് ചാള്‍സ് നല്‍കിയ പെട്ടി ശ്രദ്ധയില്‍പെട്ടത്. തുറന്നുനോക്കിയപ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെന്നും യുവതി പൊലീസിനെ അറിയിച്ചു. തിരികെ നല്‍കാൻ ചാള്‍സിനെ കണ്ടുപിടിക്കാൻ സഹായിക്കണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 15നാണ് യുവതി കണ്ണൂരിലെത്തുന്നത്. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ പഠിച്ചിരുന്നു എന്നതുമാത്രമായിരുന്ന യുവതിയുടെ കൈയിലുണ്ടായിരുന്ന അടയാളം. രജിസ്റ്ററിൽനിന്ന് എടുത്ത വിലാസത്തിൽ കേളകത്താണ് ചാൾസെന്ന് മനസ്സിലാക്കി. എന്നാൽ, ഇവിടെയെത്തിയപ്പോൾ കോഴിക്കോേട്ടക്ക് താമസം മാറ്റിയതായി കണ്ടെത്തി. അന്വേഷണം കോഴിക്കോട്ട് എത്തിയപ്പോൾ ചങ്ങനാശ്ശേരിയിലാണ് താമസമെന്ന് മനസ്സിലാക്കുകയും പൊലീസ് ചാൾസിനെ കണ്ടെത്തുകയുമായിരുന്നു. നാലുദിവസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ചങ്ങനാശ്ശേരി മീഡിയ വില്ലേജില്‍ ജോലി ചെയ്തുവരുന്ന ചാള്‍സ് എം. ജോസാണ് ആ ചാൾസെന്ന് വ്യക്തമായി. എന്നാൽ, ചാൾസിനെ കണ്ടെത്തിയതോടെ കഥകളെല്ലാം മാറിമറിഞ്ഞു. എന്നാൽ, അങ്ങനെ ഒരു പെട്ടി നല്‍കിയതായി ഓര്‍മയില്ലെന്ന് ചാള്‍സ് പറയുകയും തുടര്‍ന്ന് യുവതിയും ഭര്‍ത്താവുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ത​െൻറ ബാഗ് നഷ്ടപ്പെട്ടതായി റേഡിയോ മാംഗോയില്‍ വാര്‍ത്ത വന്നിരുന്നുവെന്നും പിന്നീട് തനിക്ക് ആ ബാഗ് റെയില്‍വേ സ്റ്റേഷനിൽനിന്ന് തിരിച്ച് കിട്ടിയതായും ചാള്‍സ് പറഞ്ഞു. ഇതുസംബന്ധിച്ച തെറ്റിദ്ധാരണയാകാം ബാഗ് വിഷയത്തില്‍ ഉണ്ടായതെന്നും ചാള്‍സ് പറഞ്ഞു. പെട്ടിക്കഥ കെട്ടുകഥയെന്ന് ചാൾസ് 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിൽ തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും യുവതി ക്ഷമ ചോദിച്ചതായും ചാള്‍സ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.