വ​ന്യ​മൃ​ഗ പ​രി​പാ​ല​നം: വ​നം​വ​കു​പ്പി​ൽ സം​വി​ധാ​നം ശ​ക്​​തി​പ്പെ​ടു​ത്തു​ന്നു

തൊടുപുഴ: വന്യമൃഗ പരിപാലനത്തിനും ചികിത്സക്കുമായി വനംവകുപ്പിലെ മൃഗചികിത്സ സംവിധാനം സുസജ്ജമാക്കാൻ സർക്കാർ തീരുമാനം. ആദ്യ പടിയായി വനംവകുപ്പിൽ കുടുതൽ മൃഗഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി തുടങ്ങി. സംസ്ഥാനത്തെ ഏകദേശം 11,308 ചതുരശ്ര കിലോമീറ്റർ വനഭൂമി വന്യമൃഗങ്ങളാൽ സമ്പന്നമാണെന്നാണ് കണക്ക്. കൂടാതെ സംസ്ഥാനത്തെ വിവിധ ആന സംരക്ഷണ കേന്ദ്രങ്ങളിലായി 600ഒാളം നാട്ടാനകളുണ്ട്. ആവശ്യത്തിന് മൃഗഡോക്ടർമാരില്ലാത്തതിനാൽ വന്യമൃഗങ്ങളും ആനക്കുട്ടികളും മതിയായ ചികിത്സ കിട്ടാതെ ചാകുന്നത് പതിവാണ്. മൃഗസംരക്ഷണ വകുപ്പിൽനിന്ന് ഡെപ്യൂേട്ടഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന നാലു ഡോക്ടർമാർ മാത്രമാണ് വനംവകുപ്പിലുള്ളത്. വന്യമൃഗങ്ങളുടെയും നാട്ടാനകളുടെയും പരിപാലനം, വനത്തിനുള്ളിൽ ചാകുന്ന വന്യമൃഗങ്ങളുടെ പോസ്റ്റ്മോർട്ടം, വന്യമൃഗങ്ങളുടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഇവരെ കൊണ്ട് മാത്രം നിർവഹിക്കാൻ കഴിയില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ചീഫ് വൈൽഡ്ലൈഫ് വാർഡൻ കത്തുനൽകിയിരുന്നു. തുടർന്ന്, ചീഫ് വൈൽഡ്ലൈഫ് വാർഡൻ, മൃഗസംരക്ഷണ ഡയറക്ടർ എന്നിവരുമായി വനം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ചർച്ച നടത്തി. വന്യജീവി സംരക്ഷണത്തിന് കൂടുതൽ മൃഗഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നായിരുന്നു മൃഗസംരക്ഷണ ഡയറക്ടറുടെ ശിപാർശ. തുടർന്നാണ് വനംവകുപ്പിലെ മൃഗചികിത്സ സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. മൃഗസംരക്ഷണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ കേഡറിൽ വനംവകുപ്പ് ആസ്ഥാനത്ത് ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഒാഫിസർ തസ്തികയും 12 ജില്ലകളിലായി വെറ്ററിനറി സർജൻ കേഡറിൽ ഒാരോ അസി. ഫോറസ്റ്റ് വെറ്ററിനറി ഒാഫിസർ തസ്തികയും സൃഷ്ടിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിൽനിന്ന് ഡെപ്യൂേട്ടഷൻ വ്യവസ്ഥയിലായിരിക്കും നിയമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.