കേരള കോൺഗ്രസ്​ സമ്മേളനത്തിൽ നേതൃമാറ്റം ഉണ്ടാവില്ല

കോട്ടയം: ഡിസംബർ 14 മുതൽ 16വരെ കോട്ടയത്ത് നടക്കുന്ന കേരള കോൺഗ്രസ് മഹാസമ്മേളനത്തിൽ നേതൃമാറ്റം ഉണ്ടാകില്ല. പാർട്ടി ചെയർമാൻ കെ.എം. മാണിക്ക് പകരം മകനും വൈസ് ചെയർമാനുമായ ജോസ് കെ. മാണി എം.പി ചെയർമാനാകുമെന്നായിരുന്നു പ്രചാരണമെങ്കിലും ഇതുണ്ടാകില്ലെന്ന സൂചനയാണ് ജോസ് കെ. മാണിയും നൽകുന്നത്. തൽക്കാലം നേതൃമാറ്റമില്ലെന്ന നിലപാടിലേക്ക് പാർട്ടിയും എത്തിച്ചേർന്നിട്ടുണ്ടത്രേ. നിലവിൽ പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും സി.എഫ്. തോമസ് െഡപ്യൂട്ടി ചെയർമാനുമാണ്. ജോസ് കെ. മാണി ചെയർമാനാകുന്നതിനോട് ജോസഫ് വിഭാഗത്തിനുള്ള അതൃപ്തിയും തീരുമാനം മാറ്റാൻ കാരണമാണ്. ജോസ് കെ. മണിയാണ് നിലവിൽ പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നത്. തൽക്കാലം ഇതേനിലയിൽ പാർട്ടിയുടെ ഉപഅമരക്കാരനായി മുന്നോട്ട് പോയാൽ മതിയെന്നാണ് പ്രബലവിഭാഗത്തി​െൻറയും താൽപര്യം. നേതൃമാറ്റം ഉയർത്തി പാർട്ടിയിൽ പുതിയ വിവാദം സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കത്തിനും ഇതോടെ തടയിട്ടുവെന്നാണ് സൂചന. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാർട്ടി ശക്തി പ്രകടനം തീരുമാനിച്ചിരുന്നെങ്കിലും വൻപ്രകടനം വേണ്ടെന്നും നിർദേശമുണ്ട്. വിവിധ മേഖലകളിൽനിന്നെത്തുന്നവർ പ്രകടനമായി സമ്മേളനസ്ഥലത്തെത്തുംവിധമാണ് പരിപാടി ആവിഷ്കരിച്ചത്. എന്നാൽ, നഗരം സ്തംഭിപ്പിച്ചുള്ള പ്രകടനം ഉണ്ടാവില്ല. കേരള കോൺഗ്രസ് ഇരുമുന്നണിയിലും ഇല്ലാത്ത സാഹചര്യത്തിൽ സമ്മേളനം പാർട്ടിയുടെ ശക്തി തെളിയിക്കുന്നതാകുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. അതിനുള്ള എല്ലാ ഒരുക്കവും അന്തിമഘട്ടത്തിലാണ്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പ്രവർത്തകർ വൻ പ്രചാരണത്തിലാണ്. സമ്മേളനസ്ഥലം തിരുനക്കരയിൽനിന്ന് നെഹ്റുസ്റ്റേഡിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രവർത്തകരെ ഉൾക്കൊള്ളാൻ തിരുനക്കര മൈതാനം പോരെന്നതിനാലാണ് വേദിമാറ്റുന്നത്. സി.എ.എം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.