കോട്ടയം ഭാരത്​ ആശുപത്രിയിൽ നഴ്​സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു

കോട്ടയം: പിരിച്ചുവിട്ട ഒമ്പതുപേരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ ആശുപത്രിയിലെ ഒരുവിഭാഗം നഴ്സുമാരാണ് സമരം തുടങ്ങിയത്. നേരത്തേ ആശുപത്രിയിൽ നടന്ന പണിമുടക്കുമായി ബന്ധപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ യൂനിറ്റ് ട്രഷറർ ബിൻസി, കെ.എസ്. സൂര്യമോൾ, പി.എ. അനീഷ, രമ്യ, സബിത, ടിനു, നിഷ, നീതു, അനു എന്നിവരെയാണ് പുറത്താക്കിയത്. മാനേജ്മ​െൻറുകൾ പ്രതികാര നടപടി സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയ​െൻറ സാന്നിധ്യത്തിൽ തീരുമാനമെടുത്തശേഷമാണ് നഴ്സുമാരെ പിരിച്ചുവിട്ടെതന്ന് യു.എൻ.എ ജില്ല പ്രസിഡൻറ് സെബിൻ സി. മാത്യു 'മാധ്യമ'ത്തോട് പറഞ്ഞു. പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരും. സമരത്തിൽനിന്ന് പിന്തിരിപ്പിക്കാൻ നഴ്സുമാരുടെ ഭർത്താക്കന്മാരെയും മാതാപിതാക്കളെയും ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. സമരത്തിനിറങ്ങിയ നഴ്സുമാർക്ക് അനുഭാവം പ്രകടിപ്പിക്കുന്നവരെയും വെറുതെവിടുന്നില്ല. പ്രവർത്തന പരിചയമില്ലാത്തവരെ നിയമിച്ച് സമരത്തെ പൊളിക്കാനാണ് മാനേജ്മ​െൻറ് ശ്രമിക്കുന്നതെന്നും ഇത് രോഗികളോടുള്ള വെല്ലുവിളിയാണെന്നും നഴ്സുമാർ ആരോപിച്ചു. ജൂലൈ 13ന് നഴ്സുമാരുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാൻ എത്തിയ പ്രതിനിധികളിൽ ഒരാളോട് നഴ്സിങ് സൂപ്രണ്ട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മിന്നൽ പണിമുടക്ക് നടത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മൂന്നുദിവസം നീണ്ട സമരത്തിനൊടുവിൽ നഴ്സിങ് സൂപ്രണ്ട് പരസ്യമായി മാപ്പുപറഞ്ഞതോടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. തുടർന്ന് ജൂലൈ 19ന് ലേബർ ഒാഫിസറുടെ സാന്നിധ്യത്തിൽ മാനേജ്മ​െൻറ് പ്രതിനിധികളും നഴ്സുമാരുടെ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിൽ നഴ്സുമാർ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ധാരണയായി. എന്നാൽ, പിറ്റേന്ന് ജോലിയിൽ പ്രവേശിച്ച അഞ്ചുപേരെ ആദ്യം പുറത്താക്കി മാനേജ്മ​െൻറ് പ്രതികാര നടപടിയെടുത്തു. പിന്നീട് ഘട്ടംഘട്ടമായി നാലു നഴ്സുമാരെയും പുറത്താക്കി. ഇതിനെതിരെ മുൻകൂട്ടി നോട്ടീസ് നൽകിയാണ് ഇപ്പോഴത്തെ സമരമെന്ന് നഴ്സുമാർ പറഞ്ഞു. കരാർ കാലാവധി തീർത്തവരെയാണ് പിരിച്ചുവിട്ടതെന്നാണ് മാനേജ്െമൻറി​െൻറ വിശദീകരണം. സമരം ആശുപത്രിയുടെ പ്രവർത്തനത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും 20ൽ താഴെ നഴ്സുമാരാണ് ഇപ്പോഴത്തെ സമരത്തിനു പിന്നിലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.