കേരള-തമിഴ്നാട് അതിർത്തി പ്രശ്​നം പരിഹരിക്കാൻ നാളെ ചർച്ച

നെടുങ്കണ്ടം: കേരള-തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് ചെക്പോസ്റ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ഉത്തമപാളയം ആർ.ഡി.ഒ എന്നിവരുടെ നേതൃത്വത്തിൽ കമ്പംമെട്ടിൽ ബുധനാഴ്ച ചർച്ച നടക്കും. കഴിഞ്ഞദിവസം ഇടുക്കി-, തേനി കലക്ടർമാർ ഫോണിൽ വിഷയം ചർച്ചചെയ്തിരുന്നു. തുടർന്നാണ് ചർച്ചക്ക് വഴിയൊരുങ്ങിയത്. കഴിഞ്ഞദിവസം തമിഴ്നാട് റവന്യൂ, പൊലീസ് വിഭാഗങ്ങൾ കമ്പംമെട്ട് ചെക്ക്പോസ്റ്റിലെത്തി കേരള അതിർത്തിയിലെ പാർട്ടി കൊടിമരങ്ങൾ നീക്കിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഉത്തമപാളയം ഡിവൈ.എസ്.പി, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലാണ് തമിഴ്നാട് സംഘമെത്തിയത്. കമ്പംമെട്ട് എസ്.ഐ ഷനൽകുമാറിനെ തമിഴ്നാട് ഉദ്യോഗസ്ഥർ കൈയേറ്റത്തിനും ശ്രമിച്ചു. തുടർന്ന് നെടുങ്കണ്ടം സി.ഐ റെജിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയതാണ് സ്ഥിതി നിയന്ത്രിച്ചത്. സമീപത്തെ തമിഴ്നാട് വനംവകുപ്പ് ഓഫിസിൽനിന്നുള്ള യന്ത്രങ്ങളുടെ സഹായത്തോടെ കൊടിമരങ്ങൾ മുറിച്ചുകടത്തുകയായിരുന്നു. കമ്പംമെട്ട് ചെക്പോസ്റ്റിൽ തമിഴ്നാട് മൂന്നുമാസമായി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ചെക്ക്പോസ്റ്റിനു സമീപം പൊക്കവിളക്ക് സ്ഥാപിക്കാനുള്ള കരുണാപുരം പഞ്ചായത്തിെൻറ ശ്രമം തമിഴ്നാട് വനപാലകർ തടഞ്ഞതും സംഘർഷത്തിനിടയാക്കിയിരുന്നു. അതിർത്തിയിൽനിന്ന് 50 അടിയോളം മാറി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടെ ഇൗ സ്ഥലത്തിന് തമിഴ്നാട് വനംവകുപ്പ് അവകാശവാദം ഉന്നയിക്കുകയായിരുന്നു. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ, മൃഗസംരക്ഷണ വകുപ്പിെൻറയും എക്സൈസ്--വനംവകുപ്പ്--സെയിൽസ് ടാക്സ് ഓഫിസുകളുടെയും കെട്ടിടങ്ങൾ എന്നിവ തങ്ങളുടെ ഭൂമിയിലാണെന്നാണ് തമിഴ്നാടിെൻറ പുതിയ അവകാശവാദം. രണ്ടുമാസം മുമ്പ് കമ്പംമെട്ട് അതിർത്തിയിൽ കേരള എക്സൈസ് മൊഡ്യൂൾ കണ്ടെയിനർ ചെക്ക്പോസ്റ്റ് സ്ഥാപിച്ചപ്പോഴും തമിഴ്നാട് വനംവകുപ്പ് ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് ചെക്ക്പോസ്റ്റ് അടപ്പിച്ചിരുന്നു. ഇടുക്കി, തേനി കലക്ടർമാർ നടത്തിയ ചർച്ചയെ തുടർന്നാണ് മണിക്കൂറുകൾക്ക് ശേഷം ചെക്ക്പോസ്റ്റ് തുറന്നത്. ഇരു സംസ്ഥാനങ്ങളും വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചിരുന്ന അതിർത്തിക്കല്ലുകൾ കാണാതായിരുന്നു. അടിയന്തരമായി തമിഴ്നാടുമായി ചർച്ച നടത്തി വിഷയം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് നാട്ടുകാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.