ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ അടക്കം ലോകബാങ്ക് പദ്ധതികള്‍ക്ക് അംഗീകാരം

കോട്ടയം: ലോകബാങ്ക് സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ ആദ്യത്തെ പൂര്‍ണയോഗത്തില്‍ അംഗീകാരം നല്‍കി. വെച്ചൂര്‍, മൂന്നിലവ്, കൊഴുവനാല്‍, പനച്ചിക്കാട്, മറവന്‍തുരുത്ത്, തലനാട്, വാഴൂര്‍, മീനടം, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലുമാണ് ലോകബാങ്ക് പദ്ധതികള്‍ നടപ്പാക്കുന്നത്. കുടിവെള്ളം ഉറപ്പാക്കാനും പഞ്ചായത്ത് ഓഫിസുകള്‍ റോഡുകള്‍, ശ്മശാനം തുടങ്ങിയവ നിര്‍മിക്കാനുമുള്ള പദ്ധതികളുമാണ് ആസൂത്രണ സമിതി അംഗീകരിച്ചത്. 2016-17ലെ വാര്‍ഷിക പദ്ധതികളില്‍ ഭേദഗതി വരുത്തി തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ക്കും യോഗം അംഗീകാരം നല്‍കി. വാര്‍ഷിക പദ്ധതികളുടെ തൃപ്തികരമായ നടത്തിപ്പ് ഉറപ്പാക്കാനുള്ള നടപടിയും സമിതി സ്വീകരിച്ചു. പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനു മൂന്നു മാസം മാത്രം ബാക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് പറഞ്ഞു. നോട്ട് പ്രതിസന്ധി പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തി ഫണ്ട് പരമാവധി വിനിയോഗിക്കണമെന്ന് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. ഓരോ ദിവസത്തെയും ആഴ്ചയിലെയും നിര്‍വഹണ പുരോഗതി അവലോകനം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങളെ തരംതരിച്ച് ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി കലക്ടര്‍ സി.എ. ലത യോഗത്തില്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല പ്ളാനിങ് ഓഫിസര്‍ പി.കെ. ലത പദ്ധതി പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യന്‍, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. സണ്ണി പാമ്പാടി, ബെറ്റി റോയി മണിയങ്ങാട്ട്, സക്കറിയാസ് കുതിരവേലി, സര്‍ക്കാര്‍ നോമിനി ഡോ. കെ.പി. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.