നോട്ട് ക്ഷാമത്തിൽ ഞെരുങ്ങി ക്രിസ്​മസ്​ വിപണി

കോട്ടയം: നോട്ട് ക്ഷാമം വരുത്തിയ ആഘാതത്തിൽ മരവിച്ച് ക്രിസ്​മസ്​ വിപണി. ഡിസംബർ ആദ്യവാരത്തിൽ സീസൺ കച്ചവടത്തിനു തയാറെടുത്തിരുന്ന വിപണി ഇത്തവണ രണ്ടാംവാരം അവസാനമായപ്പോഴാണ് ചെറുതായി ഉണർന്നത്. വ്യാപാരസ്​ഥാപനങ്ങളിൽ രണ്ടു മാസമായി തുടരുന്ന നിർജീവതയാണ് വിപണി കൊഴുക്കുന്നതിനെ പിന്നോട്ടുവലിച്ചത്. കൂടുതൽ സാധനം വാങ്ങിവെക്കാൻ സാധിക്കാത്ത സാഹചര്യത്തിലും ക്രിസ്​മസ്​ കച്ചവടത്തിനു രണ്ടും കൽപിച്ചിറങ്ങുകയായിരുന്നു മിക്ക വ്യാപാരികളും. നക്ഷത്രങ്ങളും വിവിധ വർണത്തിലുള്ള ബൾബുകളും വിപണിയിലെത്തിയെങ്കിലും പുതുമയില്ലാത്തത് പൊലിമ കുറക്കുന്നുണ്ട്. കഴിഞ്ഞവർഷത്തെ മോഡലുകളുടെ ആവർത്തനം മാത്രമാണ് ഈ ക്രിസ്​മസിനും എത്തിയത്. കണ്ണഞ്ചിപ്പിക്കുന്ന ചൈനീസ്​ നിർമിത ഉൽപന്നങ്ങൾ വാങ്ങിവെക്കാൻ മൊത്ത വ്യാപാരികൾപോലും തയാറാവാത്തതാണ് വിപണിയുടെ പൊലിമ കുറയാൻ കാരണമായത്. നക്ഷത്രവും പുൽക്കൂടും സാന്താക്ലോസും അടക്കമുള്ള അലങ്കാരവസ്​തുക്കളുടെ വിൽപന ഇത്തവണ വൻതോതിൽ കുറഞ്ഞതായാണ് വ്യാപാരികൾ പറയുന്നത്. ക്രിസ്​മസിനു മൂന്ന് ദിവസം മാത്രം അവശേഷിക്കേ ഇപ്പോഴും നക്ഷത്രങ്ങൾ വിറ്റുവരുന്നതേയുള്ളൂവെന്നും വ്യാപാരികൾ പറഞ്ഞു. സാധാരണ ഡിസംബർ ആദ്യവാരം തന്നെ നക്ഷത്രങ്ങൾ വലിയ അളവിൽ വിറ്റുപോകുന്നതായിരുന്നു പതിവ്. 100 രൂപ 550വരെ വിലയുള്ള നക്ഷത്രങ്ങളുണ്ട്. വലുപ്പം കുറഞ്ഞ പ്ലാസ്​റ്റിക് ക്രിസ്​മസ്​ ട്രീക്ക് 250 രൂപയും കൂടിയവക്ക് 700 രൂപക്കു മുകളിലുമാണ് വില. ക്രിസ്​മസ്​ ട്രീ അലങ്കരിക്കാനുള്ള ക്രിസ്​മസ്​ പാപ്പയുടെ ചെറിയ രൂപം, പലനിറത്തിലുള്ള ബാളുകൾ, ചെറിയ ഗിഫ്റ്റ് ബോക്സുകൾ, ബലൂണുകൾ അടക്കമുള്ളവയും വിപണിയിൽ എത്തിയിട്ടുണ്ട്. സാന്താക്ലോസിെൻറ മുഖംമൂടിക്ക് 25 രൂപ മുതൽ മുകളിലേക്കാണ് വില. മുൻവർഷങ്ങളിൽ ഏറെ വിറ്റുപോയിരുന്ന തടിയിലും ചൂരലിലും തീർത്ത പുൽക്കൂട് ചട്ടത്തിന് ആവശ്യക്കാർ കുറവായിരുന്നു. കഴിഞ്ഞ ക്രിസ്​മസ്​ സീസണിലേക്കാൾ കാർഡുകളുടെ വിൽപനയിൽ ഇടിവുണ്ടായി. കാർഡ് വിപണികളും വളരെ കുറവായാണ് കാണപ്പെട്ടത്. കേക്ക് വിപണിയെയും നോട്ട് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പ്ലം കേക്ക്, ക്രീം കേക്ക്, കോഫി കേക്ക്, ചോക്ലേറ്റ് കേക്ക്, ഫ്രൂട്സ്​ ആൻഡ് നട്ട്സ്​ കേക്ക്, ഈത്തപ്പഴം കേക്ക്, ജാക് ഫ്രൂട്ട് കേക്ക് തുടങ്ങിയ കേക്കുകൾ വിപണയിലുണ്ട്. വാനില കേക്കിനു 390 രൂപയും പ്ലം വിത്ത് ബട്ടർ കേക്കിനു 380 രൂപയും ബ്ലാക്ക് ഫോറസ്​റ്റ് കേക്കിനു 530 രൂപയുമാണ് വില. റഷ്യൻ കേക്കാണ് പുതിയതായി ക്രിസ്​മസ്​ വിപണിയിൽ എത്തിയിരിക്കുന്നത്. കേക്ക് വിപണി പുതുവത്സരംവരെ പ്രതീക്ഷിക്കുന്നുണ്ടങ്കിലും കഴിഞ്ഞ വർഷത്തേതിലും പകുതിയോളമേ സ്​റ്റോക്കെടുക്കാൻ വ്യാപാരികൾ തയാറായുള്ളൂവെന്ന് മൊത്തവിതരണ ഏജൻസികൾ പറയുന്നു. വിഭവങ്ങൾ കുറഞ്ഞാലും മനസ്സിൽ പ്രത്യാശയുടെ പൊൻവെളിച്ചവുമായി സമാധാനത്തിെൻറയും സന്തോഷത്തിെൻറയും സന്ദേശവുമായെത്തുന്ന ക്രിസ്​മസ്​ പുലരിക്കായി കാത്തിരിക്കുകയാണ് മലയാളികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.