ശാസ്താംകോട്ട തടാകം: ജലനിരപ്പ് വീണ്ടും താഴുന്നു

ശാസ്താംകോട്ട: സംരക്ഷണമില്ലാതെ നാശോന്മുഖമായ ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്‍െറ ജലനിരപ്പ് വീണ്ടും താഴുന്നു. സമുദ്രനിരപ്പില്‍നിന്ന് 30 സെന്‍റീമീറ്റര്‍ താഴ്ചയിലാണ് ഇപ്പോള്‍ തടാകത്തിലെ ജലനിരപ്പ്. ഈ നിലയിലേക്ക് ഒരു കാലത്തും തടാകം എത്തിയിട്ടില്ളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ നിയമപ്രകാരം ജല അതോറിറ്റി നല്‍കിയ രേഖകള്‍ തടാകത്തിന്‍െറ ജലനിരപ്പ് താഴുന്നുവെന്ന ആശങ്ക ശരിവെക്കുന്നതാണ്. മഴയുള്ളപ്പോള്‍ പോലും ജലനിരപ്പ് ഉയരാത്ത സാഹചര്യമാണിപ്പോള്‍. മുന്‍കാലങ്ങളില്‍ മഴക്കാലത്ത് ജലനിരപ്പ് ഉയരാറുണ്ട്. മഴവെള്ളമത്തെിയിട്ടും ജലനിരപ്പ് ഉയരാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ അധികൃതര്‍ക്കും ആവുന്നില്ല. കഴിഞ്ഞ ആഗസ്റ്റില്‍ സമുദ്രനിരപ്പില്‍നിന്ന് 33 സെന്‍റീമീറ്റര്‍ ഉയരത്തിലായിരുന്നു ജലനിരപ്പ്. 2013ല്‍ 52 ഉം 2012ല്‍ 95ഉം സെന്‍റീമീറ്ററും ഉയരത്തിലായിരുന്ന ജലനിരപ്പാണ് 30 സെന്‍റീമീറ്റര്‍ താഴ്ചയിലേക്ക് എത്തിയത്. മൂന്ന് ജല പദ്ധതികളിലായി രാപകല്‍ ഭേദമില്ലാതെ 48.5 ദശലക്ഷം ലിറ്റര്‍ വെള്ളം ജല അതോറിറ്റി തടാകത്തില്‍നിന്ന് പമ്പ് ചെയ്ത് വില്‍ക്കുന്നുണ്ട്. ഇതില്‍ ഒരു ശതമാനം വെള്ളം പ്രാദേശിക പദ്ധതികളിലേക്കുള്ളതാണ്. കല്ലടയാറിന് കടപുഴയില്‍ തടയണകെട്ടി വെള്ളം പമ്പ് ചെയ്ത് ശാസ്താംകോട്ടയിലെ ശുദ്ധീകരണിയിലത്തെിച്ചശേഷം വിതരണം ചെയ്യാനുള്ള ബദല്‍ പദ്ധതി ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. മുഖ്യമന്ത്രി മൂന്നുവര്‍ഷം മുമ്പ് ശാസ്താംകോട്ടയിലത്തെി പ്രഖ്യാപിച്ച പദ്ധതിയാണിത്. അതേസമയം, തടാകത്തിന്‍െറ നിലനില്‍പുതന്നെ ഇല്ലാതാക്കുന്ന സ്ഥിതിയുണ്ടായിട്ടും സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. നിലവിലെ സാഹചര്യത്തല്‍ വേനല്‍ കനക്കുന്നതോടെ തടാകത്തിന്‍െറ നില കൂടുതല്‍ മോശമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.