ഓയൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കിടത്തിച്ചികിത്സ മുടങ്ങി

ഓയൂര്‍: സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കുടിവെള്ളമില്ലാതായതോടെ കിടത്തിച്ചികിത്സ മുടങ്ങി. കിണറുണ്ടെങ്കിലും അതില്‍ വെള്ളമില്ല. ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ആശുപത്രിപരിസരത്ത് കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ രണ്ടുവര്‍ഷം മുമ്പ് പരിശോധന നടത്തിയിരുന്നു. ഉയര്‍ന്ന പ്രദേശമായതിനാല്‍ കുഴല്‍ക്കിണര്‍ നിര്‍മാണം ഒഴിവാക്കുകയായിരുന്നു. ആറ്റൂര്‍ക്കോണം പമ്പ് ഹൗസില്‍നിന്ന് പൈപ്പ്വഴിയാണ് ആശുപത്രിയിലേക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍, പമ്പ് ഹൗസിലുള്ള രണ്ടു മോട്ടോറില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പൈപ്പ് വഴി കുടിവെള്ളം എത്താറില്ല. കേടായ മോട്ടോര്‍ വാട്ടര്‍അതോറിറ്റി അധികൃതര്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ തിരികെ നല്‍കിയിട്ടില്ല. കുടിവെള്ളം ലഭിക്കുന്നതിന് സമഗ്ര എസ്റ്റിമേറ്റും പ്രോജക്ടും വാട്ടര്‍ അതോറിറ്റിക്ക് നല്‍കണമെന്നായിരുന്നു അധികൃതര്‍ അറിയിച്ചതെന്ന് വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. നൗഷാദ് പറഞ്ഞു. എന്നാല്‍, എസ്റ്റിമേറ്റ് നല്‍കിയിട്ടും കൊട്ടാരക്കര വാട്ടര്‍ അതോറിറ്റി അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ളെന്നാണ് പരാതി. പഞ്ചായത്തില്‍ മുപ്പത്തയ്യായിരത്തോളമാണ് ജനസംഖ്യ. ഭൂരിഭാഗവും കുടിവെള്ളത്തിനായി പൈപ്പ്ലൈനിനെയാണ് ആശ്രയിക്കുന്നത്. വാട്ടര്‍ടാങ്ക് വഴി നേരിട്ട് അയ്യായിരം വീടുകള്‍ക്കാണ് പഞ്ചായത്ത് മുഖേന ജലം എത്തിക്കുന്നത്. എന്നാല്‍, ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് പ്രദേശവാസികള്‍ക്ക് കുടിവെള്ളം നല്‍കാന്‍ കഴിയുന്നത്. സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് ചടയമംഗലം ബ്ളോക് പഞ്ചായത്തില്‍നിന്ന് പത്തുലക്ഷം രൂപ അനുവദിച്ചിരുന്നു. നൂറോളം രോഗികള്‍ക്ക് കിടത്തിചികിത്സ നല്‍കിയിരുന്ന ഈ ആശുപത്രിയില്‍ ഇപ്പോള്‍ ഒന്നോ രണ്ടോ രോഗികള്‍മാത്രമാണുള്ളത്. അതും സൗകര്യക്കുറവുമൂലം രോഗികള്‍ രാത്രിയായാല്‍ വീട്ടില്‍പോയി രാവിലെ വീണ്ടുമത്തെുകയാണ്. ഇതുമൂലം സമീപപഞ്ചായത്തില്‍നിന്നുള്ള രോഗികളുടെ വരവും കുറഞ്ഞിട്ടുണ്ട്. കുടിവെള്ളവും മറ്റ് അടിസ്ഥാനസൗകര്യവുമില്ലാത്തതിനാല്‍ പൂയപ്പള്ളി, ഇളമാട്, പകല്‍ക്കുറി, വെളിയം മേഖലകളില്‍നിന്നുള്ള രോഗികള്‍ ചികിത്സതേടി ഇവിടെ എത്താറില്ല. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലതവണ കോണ്‍ഗ്രസ് വെളിനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നടത്തിയിരുന്നു. കുടിവെള്ളം എത്തിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താതെ ചടയമംഗലം ബ്ളോക് പഞ്ചായത്ത് അനുവദിച്ച 75ലക്ഷം രൂപ മുടക്കി ചുറ്റുമതിലും കാന്‍റീനും നിര്‍മിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2014ല്‍ സ്പെഷല്‍ ഗ്രേഡായി ഉയര്‍ത്തിയ ആശുപത്രിയോടാണ് അധികൃതരുടെ അവഗണന. ഗൈനക്കോളജിസ്റ്റിനെയും പീഡിയാട്രിഷ്യനെയും നിയമിച്ചിട്ടുണ്ടെങ്കിലും അവര്‍ ചാര്‍ജെടുത്തിട്ടില്ല. ഓപറേഷന്‍ തിയറ്ററിനുള്ള കെട്ടിടവും നിര്‍മിച്ചിട്ടില്ല. രോഗികള്‍ക്കായി 2006ല്‍ നിര്‍മിച്ച സാനിറ്റോറിയവും കംഫര്‍ട്ട് സ്റ്റേഷനും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ആശുപത്രിയിലെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ കൊട്ടാരക്കര വാട്ടര്‍ അതോറിറ്റിപടിക്കല്‍ സമരം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. നൗഷാദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.