നഴ്​സസ്​ ഡേ സപ്ലിമെൻറ്​

നഴ്സസ് ഡേ സപ്ലിമൻെറ് മാതാവിൻെറ അന്ത്യയാത്ര; മൂകസാക്ഷിയായി മകൾ ഇന്ന് ഈ കോവിഡുകാലത്തെ നഴ്സസ് ഡേയിൽ എൻെറ മനസ്സിലേക്ക് കടന്നുവരുന്നത് സജ്നാത്തയുടെ മുഖമാണ്. നിശ്ചയദാർഢ്യവും നിസ്സഹായതയും ഒന്നുചേർന്നൊരു ഭാവത്തിൽ ഇതിനുമുെമ്പാരിക്കലും സജ്‌നാത്തയെ ഞാൻ കണ്ടിട്ടില്ല. വണ്ടാനം ടി.ഡി മെഡിക്കൽ കോളജ് മെഡിസിൻ വാർഡിലെ സ്റ്റാഫ്‌ നഴ്സ് സജ്‌ന ജലീൽ... മറ്റുള്ളവരുടെ സുരക്ഷയോർത്ത് സ്വന്തം ഉമ്മയുടെ മൃതദേഹം മീറ്ററുകൾക്കപ്പുറത്ത് നിന്ന് കാണേണ്ടിവന്ന മകൾ. മാർച്ച്‌ 25 മുതൽ ഒരാഴ്ചയിലെ കൊറോണഡ്യൂട്ടിക്ക് ശേഷം ഹോസ്പിറ്റലിൽതന്നെ കഴിയേണ്ടുന്ന 14 ദിവസത്തെ ക്വാറൻറീനിലെ നാലാമത്തെ ദിവസം, അതായത് ഏപ്രിൽ ആറിന് വൈകീട്ട് ആറരയോടെയാണ് ഉമ്മയുടെ മരണവിവരം വാപ്പ ഫോണിൽ വിളിച്ചുപറയുന്നത്. അന്ന് രാവിലെയും വിഡിയോകാളിൽ കണ്ട ഉമ്മയുടെ പെട്ടെന്നുള്ള വിയോഗം സജ്നാത്തക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. സജ്നാത്തയുമായി സഹൃദയ ഹോസ്പിറ്റലിൽ ജോലി ചെയ്യുേമ്പാൾ മുതൽക്കുള്ള സൗഹൃദമാണ്. ഇന്നത് മെഡിക്കൽ കോളജിൽ എത്തിനിൽക്കുന്നു. എനിക്ക് ആ കുടുംബത്തെ നന്നായറിയാം. പണ്ടേ മുതൽ ഉമ്മക്ക് ശ്വാസകോശത്തെ ബാധിക്കുന്ന രോഗമുണ്ട്. ഇടക്കിടെ ശ്വാസതടസ്സവും ഉണ്ടാകുന്നതിനാൽ ഇൻഹേലർ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടായിരുന്നു. രക്തസമ്മർദത്തിനും പ്രമേഹത്തിനും മരുന്നുകൾ കഴിച്ചിരുന്നു. അതൊക്കെയാണെങ്കിലും നാലു വീടിനപ്പുറത്ത് താമസിക്കുന്ന സജ്നാത്തയുടെ വീട്ടിലെ കാര്യങ്ങൾ നന്നായി ഉമ്മ ശ്രദ്ധിക്കുമായിരുന്നു. ആ ഉമ്മയും മകളും തമ്മിെല ബന്ധം അത്രമേൽ ഗാഢവും ദൃഢവും ആയിരുന്നു. ബാത്ത്റൂമിൽനിന്ന് ഇറങ്ങിയപ്പോൾ ശരീരം കുഴയുന്നതുപോലെ തോന്നി താഴേക്ക് ഇരുന്നപ്പോഴാണ് ആംബുലൻസ് വിളിച്ചുനേരെ ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത്. ആംബുലൻസിൽ കൃത്രിമ ശ്വാസോച്ഛാസം കൊടുത്തെങ്കിലും രക്ഷിക്കാനായില്ല. ജനറൽ ഹോസ്‌പിറ്റലിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ പോസ്റ്റ്മോർട്ടം കൂടിയേതീരൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നത്തെ അവസ്ഥയിൽ ശ്വാസതടസ്സം മൂലമുള്ള മരണമായതുകൊണ്ട് പോസ്റ്റ്മോർട്ടം ചെയ്യാതെ പറ്റിെല്ലന്ന് അവർ തറപ്പിച്ച് പറഞ്ഞു. വർഷങ്ങളായുള്ള ശ്വാസകോശരോഗങ്ങളുടെ ട്രീറ്റ്മൻെറ് ഹിസ്റ്ററിയും പ്രിസ്ക്രിപ്ഷനും ഒക്കെ എത്തിെച്ചങ്കിലും ആശുപത്രി അധികൃതരുടെ മനോഭാവത്തിൽ മാറ്റമുണ്ടായില്ല. അങ്ങനെ അന്ന് രാത്രി മെഡിക്കൽ കോളജ് മോർച്ചറിയിൽ ഉമ്മയുടെ ശരീരം പോസ്റ്റ്മോർട്ടം കാത്തുകിടക്കുമ്പോൾ ഒരുവിളിപ്പാടകലെ മെഡിക്കൽ കോളജ് ക്വാറൻറീൻ റൂമിൽ സജ്നാത്ത ഉറങ്ങാനാവാതെ കിടന്നു. അത്തരമൊരു അവസ്ഥ അനുഭവിച്ചവർക്കേ അതിൻെറ വേദനയും ആഴവും മനസ്സിലാകൂ. പിറ്റേന്ന് രാവിലെ ക്വാറൻറീനിൽതന്നെ ഒരുഡോക്ടറുടെ വണ്ടിയിൽ പുറത്തേക്കിറങ്ങാനാവാതെ, പോസ്റ്റ്മോർട്ടം കഴിഞ്ഞ് ആംബുലൻസിലേക്ക് കയറ്റുന്ന സ്വന്തം ഉമ്മയുടെ മൃതദേഹം 100 മീറ്ററിനപ്പുറം നിന്ന് മകൾ കണ്ടു. ഒരു മകളെന്ന നിലയിൽ സജ്നാത്ത അനുഭവിച്ച ഏറ്റവും വലിയ നിസ്സഹായ നിമിഷങ്ങളായിരുന്നു അത്. ഈ ഭൂമിയിൽ വെച്ചുള്ള ആ ഉമ്മയുടെയും മകളുടെയും അവസാന കൂടിക്കാഴ്ച. ആംബുലൻസ് പുറപ്പെടാൻ തുടങ്ങുമ്പോൾ വണ്ടിയിൽനിന്നിറങ്ങി സജ്നാത്ത യാത്രയാക്കുന്ന ആ ദൃശ്യം മനസ്സിൽനിന്ന് മായില്ല ഒരിക്കലും. ആ നിമിഷങ്ങളിൽ എന്തൊക്കെയാവും സജ്നാത്തയുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവുകയെന്ന് എനിക്ക് ഓർക്കാൻകൂടി വയ്യ. ഉമ്മയോടൊത്തുള്ള ഓരോ നിമിഷങ്ങളും ആ പാവത്തിനെ അത്രമേൽ മുറിവേൽപ്പിച്ചിട്ടുണ്ടാവണം. അത്രയും നല്ലൊരു തണൽ ആയിരുന്നു വാസ്തവത്തിൽ ഉമ്മ. കൊറോണ ഡ്യൂട്ടി ദിവസങ്ങളിലും ക്വാറൻറീൻ ദിനങ്ങളിലും ഒക്കെ സജ്നാത്തയുടെ കുറവ് അറിയിക്കാതെ മക്കളെയും മരുമകനെയും പൊന്നുപോലെ നോക്കിയ ഉമ്മ ഇനിയില്ലെന്ന യാഥാർഥ്യം ഇപ്പോഴും സജ്‌നാത്തയെ പൊള്ളിക്കുന്നുണ്ട്. സജ്നാത്ത തലേ ദിവസമൊന്നും ഉമ്മയെ കണ്ടിട്ടിെല്ലന്ന് ഉറപ്പാക്കിയശേഷം മാത്രമാണ് ആ പോസ്റ്റ്മോർട്ടം നടന്നത്. പിന്നീട് അവർതന്നെ പറഞ്ഞാണ് ഞാൻ വിവരം അറിഞ്ഞത്. കണ്ടിരുെന്നങ്കിൽ ആ പോസ്റ്റ്മോർട്ടം നടക്കുമായിരുന്നില്ല. മൃതശരീരം വീട്ടുകാർക്ക് ഉടനെയൊന്നും വിട്ടുകൊടുക്കുകയുമില്ലായിരുന്നു. ഉമ്മയുടെ സംസ്കാരച്ചടങ്ങുകൾക്ക് പോകാൻ സൂപ്രണ്ട് ഡോ. രാംലാൽ സാർ 48 മണിക്കൂർ പെർമിഷൻ കൊടുത്തെങ്കിലും മറ്റുള്ളവരുടെ സുരക്ഷയും അവർക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളും ഓർത്ത് സജ്നാത്ത പോകുന്നില്ല എന്നൊരു കടുത്ത തീരുമാനം എടുക്കുകയായിരുന്നു. സജ്നാത്ത ചെല്ലാതിരുന്നിട്ടുപോലും മയ്യിത്ത് ടെറസിൽ നിന്ന് കണ്ടവരുണ്ട്. ഇന്നുവരെ ആ വീട്ടിലേക്ക് നടന്നുകയറിയിട്ടില്ലാത്തവരുണ്ട്. വർഷങ്ങളായി ശ്വാസകോശ രോഗത്തിനുള്ള മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുന്ന ആ ഉമ്മ കൊറോണമൂലമാണ് മരിച്ചതെന്ന് പറഞ്ഞുനടക്കുന്നവരുണ്ട്. കിണറ്റിലും ഇൻറർലോക്ക് ചെയ്ത മുറ്റത്തും പാക്കറ്റ് കണക്കിന് ബ്ലീച്ചിങ് പൗഡർ കുടഞ്ഞിട്ട് അവരുടെ വെള്ളത്തിൻെറ ഉപയോഗം നിലപ്പിച്ചവരുണ്ട്. ആരോടും അവർക്ക് പരാതികളില്ല, പരിഭവങ്ങളില്ല. കാരണം, അവർ മാലാഖമാരല്ലേ... അവർക്ക് പ്രതികരിക്കാൻ അവകാശമില്ലല്ലോ. അവർ സഹനത്തിൻെറ പ്രതീകങ്ങളല്ലേ... സജ്നാത്താ മാപ്പ്... നിന്നെ വേദനിപ്പിച്ച എല്ലാവർക്കും വേണ്ടി... ഈ സമൂഹത്തിനോട് ഒരപേക്ഷയുണ്ട്, സ്വന്തം ജീവൻപോലും പണയപ്പെടുത്തി ഒരുവലിയ നന്മയുടെ ഭാഗമാവാൻ തുനിഞ്ഞിറങ്ങുന്നവരോട് ഒരു നല്ല വാക്ക് പറഞ്ഞില്ലെങ്കിലും അവരെ നിരുത്സാഹപ്പെടുത്തരുത്. സമൂഹനന്മയും രോഗീപരിചരണവും ഒരു തൊഴിലിനപ്പുറം കടമയായി കണ്ട് നിറവേറ്റുന്ന എല്ലാ മാലാഖമാർക്കും നഴ്സസ് ദിനാശംസകൾ. ആശ മനോ (അലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫാർമസിസ്റ്റാണ് ലേഖിക) AP101 - സജ്ന AP102 - ആശ മനോ AP103 - മാതാവിൻെറ മൃതദേഹത്തെ ദൂരെനിന്ന് യാത്രയാക്കുന്ന സജ്ന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.