പൗരത്വ ഭേദഗതി നിയമം പറവൂർ നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി പ്രമേയത്തെ ചൊല്ലി കൗൺസിലിൽ ബഹളവും കുത്തിയിരിപ്പും

പറവൂർ: നഗരസഭയിൽ പൗരത്വ ഭേദഗതി നിയമത്തിൽ നഗരസഭ കൗൺസിൽ യോഗം ഐകകണ്േഠ്യന പ്രമേയം പാസാക്കി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണന്ന ഒറ്റവരി പ്രമേയമാണ് ചെയറിൽനിന്ന് അവതരിപ്പിച്ചത്. ഇത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി അംഗീകരിച്ചു. അതേസമയം, എൽ.ഡി.എഫ് കൊണ്ടുവന്ന പ്രമേയത്തെ ചൊല്ലി കൗൺസിലിൽ ബഹളവും കുത്തിയിരിപ്പും നടന്നു. പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ ഡിസംബർ 13ന് നടന്ന കൗൺസിലിൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന പ്രമേയം അവതരിപ്പിച്ചെങ്കിലും നയപരമായ പ്രശ്നമാണെന്ന് പറഞ്ഞ് ചെയർമാൻ ഡി. രാജ്കുമാർ അനുമതി നൽകിയില്ല. വിശദമായ പഠനത്തിനുശേഷം അടുത്ത കൗൺസിലിൽ ആലോചിക്കാമെന്നും മറുപടി നൽകി. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ കെ.എ. വിദ്യാനന്ദൻ വിഷയം വീണ്ടും കൗൺസിലിൻെറ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും അജണ്ടയിൽ ഇല്ലാത്തതിനാൽ ചെയർമാൻ അനുവദിച്ചില്ല. നിയമപരമായ പ്രശ്നങ്ങൾ ഉെണ്ടന്നും നഗരസഭ സെക്രട്ടറിയുമായി സംസാരിച്ച് ചെയറിൽനിന്ന് അവതരിപ്പിക്കാമെന്നും ചെയർമാൻ വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. പിന്നീട് പാസാക്കാമെന്ന ചെയർമാൻെറ മറുപടിയിൽ പ്രതിഷേധിച്ച് കെ.എ. വിദ്വാനന്ദൻ ചേംബറിന് മുന്നിൽ കുത്തിയിരുന്നു. പ്രതിഷേധത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ കൂടി ചേർന്നതോടെ കൗൺസിൽ യോഗം പ്രക്ഷുബ്ധമായി. തുടർന്ന് പ്രമേയം ചെയർമാൻ അവതരിപ്പിച്ച് ഐകകണ്ഠ്യേന പാസാക്കി. അതേസമയം, ഈ വിഷയത്തിൽ കള്ളക്കളി നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. സമീപ പഞ്ചായത്തുകളിലടക്കം പ്രമേയം പാസാക്കിയിട്ടും നഗരസഭയിലെ ഭരണനേതൃത്വം നിസ്സംഗത കാണിച്ചതായും അവർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.