ഖത്തറിലെ കമ്പനിയിൽ 2.5 കോടിയുടെ തട്ടിപ്പ്​; പ്രതി ​കീഴടങ്ങണമെന്ന്​ ഹൈകോടതി

കൊച്ചി: ഖത്തറിലെ മലയാളിയുടെ കമ്പനിയിൽനിന്ന് 2.5 കോടി രൂപ തട്ടിയെടുത്തു മുങ്ങിയെന്ന കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈകോടതി. പ്രതിയായ ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ശ്യാംരാജ് നടരാജൻ നൽകിയ മുൻകൂർ ജാമ്യഹരജി തള്ളിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻെറ ഉത്തരവ്. കീഴടങ്ങിയാൽ ചോദ്യം ചെയ്തശേഷം മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കണമെന്നും ജാമ്യഹരജി മജിസ്ട്രേറ്റ് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. എറണാകുളം സ്വദേശിയായ ഫ്രാൻസിസ് ജോർജ് ഫെഡറിക്കിൻെറ ദോഹയിലെ ഫീൽഡ് ഇൻഡസ്ട്രിയൽ സപ്ലൈസ് എന്ന സ്ഥാപനത്തിൽ അക്കൗണ്ടൻറായിരുന്ന ശ്യാംരാജിനെതിരെ ഉടമ മജിസ്േട്രറ്റ് കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ചങ്ങനാശ്ശേരി പൊലീസ് കേസെടുത്തത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി ഫോർസ്റ്റാർ ഏജൻസീസ് എന്ന മറ്റൊരു സ്ഥാപനം മുഖേന ഇവർ നൽകിയിരുന്നു. ഫോർ സ്റ്റാർ ഏജൻസീസിലെ രണ്ടു ജീവനക്കാരുമായി ഗൂഢാലോചന നടത്തി പ്രതി വ്യാജ രേഖ ചമച്ച് 2.5 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഖത്തർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ശ്യാംരാജിൻെറ മൊഴിയെടുത്തെങ്കിലും ഇയാൾ നാട്ടിലേക്ക് കടന്നതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. തട്ടിപ്പു നടന്ന കാലയളവിൽ ശ്യാംരാജ് തൻെറയും അമ്മയുടെയും നാട്ടിലെ അക്കൗണ്ടിലേക്ക് 2.4 കോടി രൂപ ട്രാൻസ്ഫർ ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.