ഫ്ലാറ്റ്​ പൊളിക്കൽ: സമീപവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളെന്നും പരാതി

നെട്ടൂർ: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുതുടങ്ങിയതോടെ സമീപവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളെന്നും പരാതി. യന്ത്രസാമഗ്ര ികളും വലിയ ഇരുമ്പു കൂടങ്ങളും ഉപയോഗിച്ച് അതിരാവിലെ മുതൽ ഇടതടവില്ലാതെ നടക്കുന്ന പൊളിക്കൽ കാരണം പൊടിശല്യവും ശബ്ദ മലിനീകരണും രൂക്ഷമാണ്. രോഗികൾ ഉൾെപ്പടെയുള്ളവർ വീടുകളിൽ താമസിക്കുന്നതിനാൽ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിച്ചു തുടങ്ങിയെന്നാണ് പരിസരവാസികൾ പറയുന്നത്. കൊച്ചുകുട്ടികളും മറ്റും അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നു. അലർജി രോഗങ്ങളും ശ്വാസ സംബന്ധമായ പ്രശ്നങ്ങളുമുണ്ടാകുന്നുവെന്നാണ് പരാതി. ഇതോടെ മനസ്സില്ലാ മനസ്സോടെ പരിസരവാസികൾ കൂട്ടത്തോടെ വീടൊഴിയുകയാണ്. നെട്ടൂർ ആൽഫ സെറീൽ ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് സമീപം താമസിക്കുന്നവരാണ് ദുരിതം താങ്ങാനാവാതെ വീട് ഒഴിയുന്നത്. രണ്ടാഴ്ച മുമ്പ് ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിച്ചു തുടങ്ങിയതോടെയാണ് പരിസരവാസികൾക്ക് ബുദ്ധിമുട്ടുകൾ തുടങ്ങിയത്. വീടുകളിൽ സ്വസ്ഥത നഷ്ടപ്പെട്ടതോടെയാണ് അഞ്ച് കുടുംബങ്ങൾ വീടുവിട്ട് വാടക വീടുകളിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സബ് കലക്ടർ സ്ഥലം സന്ദർശിച്ചപ്പോൾ സമീപവാസികൾ ആശങ്കകൾ നേരിട്ടറിയിച്ചിരുന്നു. വാടകവീടുകളിലേക്ക് മാറുന്ന വിവരം നഗരസഭ അധികൃതരെ രേഖാമൂലം അറിയിക്കാനായിരുന്നു നിർദേശം. ഫ്ലാറ്റുകളുടെ അൻപതു മീറ്റർ ചുറ്റളവിൽ പത്തോളം വീടുകളാണുള്ളത്. ഇവയിൽ മിക്കതും അപകട ഭീഷണിയിലാണ്. അമ്പത് മീറ്റർ പരിധിക്ക് പുറത്തും വീടുകളുടെ പുറംചുവരുകൾക്കും മതിലുകൾക്കും മറ്റും വിള്ളൽ വീണിട്ടുണ്ട്. അപകട ഭീഷണി ഉള്ളതിനാൽ പ്രദേശത്തെ നൂറോളം വീടുകളിൽനിന്നും ആളുകളെ ഉടൻ മാറ്റിപാർപ്പിക്കണം എന്ന ആവശ്യവും ശക്തമാണ്. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷയടക്കമുള്ള സുരക്ഷ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപടികൾ എന്തായി എന്ന് ഒരു അറിവുമില്ലെന്ന് ആളുകൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.