ഇന്ന്​ പായാം, നല്ലോണം

കൊച്ചി: നാടും നഗരവും ഓണത്തിരക്കിൽ. തിരുവോണത്തെ വരവേൽക്കാൻ ഇന്ന് ഉത്രാടപ്പാച്ചിൽ. ഓണം വിപണനമേളകളിലും മറ്റ് വ്യാപാര കേന്ദ്രങ്ങളിലും വൻ തിരക്കാണ്. കഴിഞ്ഞവർഷം പ്രളയം കൊണ്ടുപോയ ആഘോഷത്തിൻെറ ആവേശം ഇക്കുറി തിരിച്ചുപിടിച്ചു. എം.ജി റോഡും ബ്രോഡ്വേയും മാളുകളും ഉൾപ്പെടെ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ്. ഗൃഹോപകരണ, ഇലക്ട്രോണിക് ഉൽപന്ന കടകളിലെ തിരക്ക് തിങ്കളാഴ്ച മുതൽ പച്ചക്കറി, പലവ്യഞ്ജന കേന്ദ്രങ്ങളിലേക്ക് നീണ്ടു. വിലക്കിഴിവും സമ്മാനങ്ങളുമടക്കം ഓഫറുകളുമായി വ്യാപാരികൾ മത്സരിക്കുകയാണ്. നഗരത്തിൽ മിക്കയിടങ്ങളിലും തിങ്കളാഴ്ച ഗതാഗതം കുരുങ്ങി. പലയിടങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര തന്നെയായി. വഴിയരികളിലുള്ള ഓണം വിപണികളും സജീവമാണ്. ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ ഈ രംഗത്തുണ്ട്. ഉപ്പേരി, ശര്‍ക്കരവരട്ടി, വാഴയില എന്നിവക്കും ഏറെ ആവശ്യക്കാരുണ്ട്. ബ്രോഡ്വേയിൽ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും ഉടുപ്പുകളും വഴിയോര വിപണിയെ ഉഷാറാക്കി. ഇലക്ട്രോണിക്സ് സാധനങ്ങള്‍ക്ക് വന്‍ ഓഫര്‍ ഉള്ളതിനാല്‍ പുതിയത് വാങ്ങാനും പഴയത് മാറിവാങ്ങാനും നല്ല തിരക്കാണ്. സപ്ലൈകോ, ത്രിവേണി, കുടുംബശ്രീ, സഹകരണ സംഘങ്ങൾ എന്നിവയുടെ ഓണം വിപണനമേളകളിലും ഖാദി, കൈത്തറി, കരകൗശല മേളകളിലും ആദ്യദിവസത്തെ മാന്ദ്യം മാറി തിരക്കേറി. പായസമേളകളിലും ആവശ്യക്കാരേറെ. ജില്ല ഭരണകൂടവും വിനോദസഞ്ചാര വകുപ്പും ചേർന്ന് ജില്ലയിലെ 10 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന 'ലാവണ്യം' ഓണാഘോഷം ആസ്വദിക്കാൻ നിരവധിപേരാണ് ഓരോ ദിവസവും എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.