കാത്തിരിപ്പിന്​ വിരാമം; കോടതികൾ പുതിയ സമുച്ചയത്തില്‍

പെരുമ്പാവൂര്‍: കാത്തിരിപ്പിനൊടുവില്‍ കോടതികളെല്ലാം പുതിയ സമുച്ചയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാലടി, കുറു പ്പംപടി കോടതികള്‍ കഴിഞ്ഞദിവസം മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതോടെ ഒരു കുടക്കീഴില്‍ കോടതികളെല്ലാമായി. ഒമ്പതുമാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ് കിടന്ന കെട്ടിടത്തിലേക്ക് കോടതികള്‍ മാറ്റുന്നത് നീളുകയായിരുന്നു. എം.എ.സി.ടി കോടതി പ്രവര്‍ത്തനം ആരംഭിച്ചായിരുന്നു ഉദ്ഘാടനം. മുനിസിപ്പല്‍ ലൈബ്രറിക്ക് സമീപത്തെ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മജിസ്‌ട്രേറ്റ്, മുൻസിഫ് കോടതികള്‍ മാറ്റുന്നതായിരുന്നു പ്രധാന ലക്ഷ്യം. അസൗകര്യം നിറഞ്ഞ കെട്ടിടത്തില്‍നിന്ന് ഇവ മാറ്റുന്നത് വൈകിയപ്പോള്‍ അഭിഭാഷകരില്‍നിന്ന് തന്നെ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. തടസ്സങ്ങള്‍ നിരവധി നിലനില്‍ക്കെയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. കാലടി, കുറുപ്പംപടി കോടതികള്‍ മാറ്റിസ്ഥാപിക്കണമെങ്കില്‍ ഗസറ്റില്‍ പരസ്യം ചെയ്യണമായിരുന്നു. നഗരസഭയില്‍ ഫീസ് അടക്കാത്ത കാരണത്താല്‍ കെട്ടിട നമ്പര്‍ ഇട്ടിരുന്നില്ല. ഇക്കാരണത്താല്‍ വൈദ്യുതി കണക്ഷനും തടസ്സപ്പെടുകയായിരുന്നു. വൈകിയതിനെ തുടര്‍ന്ന് ഹൈകോടതി നവംബറില്‍ യോഗം ചേര്‍ന്ന് വേഗത്തിലാക്കാന്‍ അധികാരപ്പെട്ടവരെ ചുമതലപ്പെടുത്തുകയായിരുന്നു. നിലവില്‍ ആറ് കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ പാര്‍ക്കിങ് സൗകര്യം തുച്ഛമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പെരുമ്പാവൂരില്‍ അഡീഷനല്‍ ജില്ല കോടതി കൂടി അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള ഫണ്ട് അനുവദിച്ച് കഴിഞ്ഞു. ഹൈകോടതി അനുമതി ലഭിച്ചാല്‍ ഇതി​െൻറ ജോലി പൂര്‍ത്തിയാകും. കോടതികളുടെ ഉദ്ഘാടനം ജസ്റ്റിസ് കെ. സുരേന്ദ്രമേനോന്‍ നിര്‍വഹിച്ചു. ഡിസ്‌ട്രിക്ട് ആൻഡ് സെഷന്‍സ് ജഡ്ജി ഡോ. കൗസര്‍ എടപ്പകത്ത് അധ്യക്ഷതവഹിച്ചു. ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം, ജസ്റ്റിസ് എന്‍. അനില്‍കുമാര്‍, എം.എ.സി.ടി ജില്ല ജഡ്ജി ജോഷി ജോണ്‍, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. ഭാരതി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ സതി ജയകൃഷ്ണന്‍, ടെല്‍ക്ക് ചെയര്‍മാന്‍ അഡ്വ. എന്‍.സി. മോഹനന്‍, ബാര്‍ കൗണ്‍സില്‍ അംഗം കെ.എന്‍. അനില്‍കുമാര്‍, ബാര്‍ അസോ. സെക്രട്ടറി അലക്‌സാണ്ടര്‍ കോശി, പ്രസിഡൻറ് വി.ജി. ജവഹര്‍, കെ.എ.സി.എ പ്രസിഡൻറ് എ.ബി. ശശിധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ചിത്രം-EK PBVR Just. K. Surendramenon ക്യാപ്ഷന്‍- പെരുമ്പാവൂര്‍ കോടതി സമുച്ചയത്തില്‍ ആരംഭിച്ച കാലടി, കുറുപ്പംപടി കോടതികളുടെ ഉദ്ഘാടനം ജസ്റ്റിസ് കെ. സുരേന്ദ്രമേനോന്‍ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.