തെങ്ങ് വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു; അപകടഭീഷണി

മൂവാറ്റുപുഴ: സ്വകാര്യവ്യക്തിയുടെ പറമ്പിലെ തെങ്ങ് പ്രധാന വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണ് അപകടഭീഷണി ഉയര്‍ത്തുന്നു. മൂവാറ്റുപുഴ-ആരക്കുഴ റോഡില്‍ തെക്കന്‍കോട്ടുനിന്ന് തിരിയുന്ന പള്ളിക്കാവ്-പെരിങ്ങഴ റോഡിലാണിത്. റോഡിനുകുറുകെയാണ് വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണ നിലയിലുള്ളത്. ഒരുമാസമായിട്ടും മരം നീക്കാന്‍ സ്വകാര്യവ്യക്തിയോ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരോ തയാറായിട്ടില്ല. നിരവധി വാഹനങ്ങളും കാല്‍നടക്കാരും സഞ്ചരിക്കുന്ന ഈ റോഡ് രണ്ട് ക്ഷേത്രവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇവിടേക്ക് നിരവധി ഭക്തജനങ്ങളും എത്താറുണ്ട്. മരം വീണ 11 കെ.വി ലൈന്‍ കമ്പിയുടെ കാഠിന്യം മൂലമാണ് കമ്പി പൊട്ടാതിരിക്കുന്നത്. മരത്തി​െൻറ ഭാരം മൂലം കമ്പി താഴ്ന്നുതുടങ്ങിയിട്ടുണ്ട്. ഏതുസമയവും പൊട്ടിവീഴാവുന്ന അവസ്ഥയിലാണിപ്പോള്‍. പരാതികള്‍ പറഞ്ഞപ്പോള്‍ വൈദ്യുതി ജീവനക്കാരെത്തി മടങ്ങിയതല്ലാതെ നടപടി സ്വീകരിച്ചിട്ടില്ല. വൈദ്യുതി ബോര്‍ഡും സ്വകാര്യവ്യക്തിയും തമ്മിലെ തര്‍ക്കമാണ് ഇതിന് പിന്നിലെന്ന് കേരള കോണ്‍ഗ്രസ് പി.സി വിഭാഗം ജില്ല സെക്രട്ടറി റെജി കപ്യാരിട്ടേല്‍ ആരോപിച്ചു. നാളുകളായി ഇതേ അവസ്ഥയായിട്ടും നടപടി സ്വീകരിക്കാത്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.