കളമശ്ശേരി: നിറയെ യാത്രക്കാരുമായി എറണാകുളത്തേക്ക് വന്ന മെമു സാങ്കേതിക തകരാറിൽ പാളം തെറ്റിയപ്പോൾ തലനാരിഴക്ക് വഴിമാറിയത് വൻ ദുരന്തം. പാലക്കാട്-എറണാകുളം മെമു പാസഞ്ചർ കളമശ്ശേരിയിൽ രാവിലെ 11.48ന് വേഗം കുറച്ച് വന്നതിനാൽ വൻ അപകടത്തിൽ നിന്നാണ് വഴിമാറിയത്. എന്നാൽ, കളമശ്ശേരിയിൽ സ്റ്റോപ്പില്ലാത്ത വേഗമേറിയ ട്രെയിനുകളിൽ ഒന്നാണ് വന്നിരുന്നതെങ്കിൽ വൻ ദുരന്തമാണ് ഉണ്ടാകുകയെന്ന് നാട്ടുകാർ പറയുന്നു. കളമശ്ശേരി സ്റ്റേഷനിൽ നിർത്തേണ്ട ട്രെയിൻ മുട്ടം ഭാഗത്ത് സിഗ്നൽ ലഭിക്കാൻ അഞ്ച് മിനിറ്റ് നിർത്തിയിട്ടാണ് കടന്നുവന്നത്. ഈ സമയം ട്രാക്കിൽ അറ്റകുറ്റപ്പണിയായിരുന്നു. ഇത് ശ്രദ്ധിക്കാതെയാണ് മെമുവിന് സിഗ്നൽ ലഭിച്ചത്. പാളങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പോയൻറ് ജങ്ഷനിലായിരുന്നു അറ്റകുറ്റപ്പണി. ഇത് ശ്രദ്ധിക്കാതെ സിഗ്നൽ നൽകിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് വിവരം. പാളത്തിൽ അറ്റകുറ്റപ്പണിക്ക് റെയിൽവേയുടെ തിരുവനന്തപുരത്തെ ഓഫിസിൽ മുൻകൂട്ടി അറിയിച്ച് അവിടെനിന്ന് അനുമതി ലഭിച്ചാലെ പണി നടത്താവൂ. അനുമതി ലഭിക്കുന്നത് സ്റ്റേഷൻ മാസ്റ്റർക്കാണ്. പണി പൂർത്തിയായി സ്റ്റേഷൻ മാസ്റ്റർ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ട്രെയിൻ കടത്തിവിടുന്നതെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. എന്നാൽ, 11.15 മുതൽ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കെ 11.48 ഓടെ മെമു കടന്നുവന്നെന്നാണ് ജീവനക്കാരിൽനിന്ന് അറിയാൻ കഴിഞ്ഞത്. അതേസമയം, വേഗം കുറഞ്ഞുവന്ന ട്രെയിൻ പെട്ടെന്ന് വലിയ ശബ്ദത്തോടെ ആടിയുലഞ്ഞ് നിന്നപ്പോൾ യാത്രക്കാരെല്ലാം പരിഭ്രാന്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.