കാക്കനാട്: പ്രളയത്തില്‍ പതറിപ്പോയ കേരളത്തെ ചേര്‍ത്തുപിടിക്കാന്‍ പശ്ചിമ ബംഗാളിലെ മലയാളി കൂട്ടായ്മയും. 'വിത്ത് ലൗ ഫ്രം കൊൽക്കത്ത' എന്ന കുറിപ്പ് പതിച്ച നിരവധി ചരക്കുകളാണ് കേരളത്തിലെത്തുന്നത്. മൂവാറ്റുപുഴ സ്വദേശിയും മുന്‍ കണ്ണൂര്‍, കോഴിക്കോട് കലക്ടറുമായിരുന്ന ഡോ. പി.ബി. സലീമിെൻറ നേതൃത്വത്തിലാണ് ഇൗ സഹായപ്രവാഹം. പശ്ചിമ ബംഗാള്‍ ഗവണ്‍മെൻറ് സെക്രട്ടറിയും ന്യൂനപക്ഷ വികസന, ധനകാര്യ കോർപറേഷൻ ചെയര്‍മാനുമായ സലീമിന് കേരളത്തിെൻറ ദുരന്തം നെഞ്ചിൽ തട്ടുന്നതായിരുന്നു. അടിയന്തരമായി കൊല്‍ക്കത്തയിലെ മലയാളി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തു. സഹായമെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുക എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്. മുമ്പ് ബംഗാളിലെതന്നെ ദക്ഷിണ പര്‍ഗാന, നദിയ ജില്ലകളില്‍ കലക്ടറായിരുന്നപ്പോഴുള്ള ബന്ധങ്ങള്‍ സഹായകമായി. ഒന്നരക്കോടിയോളം രൂപയുടെ വിഭവങ്ങൾ ഇത്തരത്തില്‍ സമാഹരിച്ചു. നദിയയിലെ അരി മില്ലുടമകള്‍ 66 ടണ്‍ അരി നല്‍കിയപ്പോള്‍ ദക്ഷിണ പര്‍ഗനയിലെ വസ്ത്രവ്യാപാരികള്‍ നൽകിയത് 70 ലക്ഷത്തിെൻറ വസ്ത്രങ്ങൾ. കൊല്‍ക്കത്ത ഡ്രഗ് ഓണേഴ്സ് അസോസിയേഷന്‍ 25 ലക്ഷത്തിെൻറ മരുന്നും ലഭ്യമാക്കി. ഇവ കേരളത്തിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. തുടര്‍ന്ന് ഡല്‍ഹി റെയില്‍വേ ബോര്‍ഡുമായി ബന്ധപ്പെട്ട് ചരക്കുവണ്ടികളുടെ ഏഴ് ബോഗികളിൽ കോഴിക്കോട്ടേക്കും രണ്ട് കപ്പലുകളിലായി കൊച്ചിയിലേക്കും സാധനങ്ങൾ അയച്ചു. പ്രളയം തുടങ്ങിയ ഉടൻ മരുന്നുകള്‍ വിമാനമാർഗം തിരുവനന്തപുരത്തെത്തിച്ചിരുന്നു. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പ്രവർത്തിക്കുന്ന ഏൻജല്‍സ് എന്ന സന്നദ്ധസംഘടന വഴിയാണ് സാധനങ്ങള്‍ ദുരിതബാധിതർക്ക് എത്തിക്കുന്നത്. ബംഗാളിലുള്ളവരുടെ കരുതല്‍ സ്വന്തം നാടിെൻറ കണ്ണീരൊപ്പുന്നതില്‍ സന്തോഷമുണ്ടെന്ന് ഡോ. പി.ബി. സലീം പറഞ്ഞു. മൈസൂരുവഴി ട്രക്ക് മാര്‍ഗം 32 ടണ്‍ സാധനങ്ങള്‍ വയനാട്ടിലേക്കയച്ചു. സർക്കാർ നിഷ്കർഷിച്ച വസ്തുക്കളായിരുന്നു കിറ്റുകളിൽ. ഇതിന് കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ സമാഹരണകേന്ദ്രങ്ങൾ തുറന്നു. നിരവധി സ്‌കൂള്‍ ജീവനക്കാരടക്കം രണ്ടാഴ്ചയിലധികം ഇതുമായി ബന്ധപ്പെട്ട ജോലികളില്‍ മുഴുകി. വയനാട്ടില്‍ സ്‌കൂള്‍, ഹോസ്പിറ്റല്‍, വീട് എന്നിവയില്‍ അത്യാവശ്യമുള്ളത് കണ്ടെത്തി നിര്‍മിക്കാന്‍ ആദ്യഘട്ടമായി 15 ലക്ഷം സമാഹരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.