എച്ച്​.എം.ടി കവല: വഴിയോര കച്ചവടക്കാരെ​ രണ്ട്​ മാസത്തിനകം പുനരധിവസിപ്പിക്കണം ^ഹൈകോടതി

എച്ച്.എം.ടി കവല: വഴിയോര കച്ചവടക്കാരെ രണ്ട് മാസത്തിനകം പുനരധിവസിപ്പിക്കണം -ഹൈകോടതി കൊച്ചി: കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിലെ അർഹരായ തെരുവ് കച്ചവടക്കാരെ രണ്ട് മാസത്തിനകം പുനരധിവസിപ്പിക്കണമെന്ന് ഹൈകോടതി. എൻ.എ.ഡി റോഡുവരെയുള്ള ശേഷിക്കുന്ന ഭാഗത്തെ അനധികൃത കച്ചവടക്കാരെ മൂന്ന് മാസത്തിനകം ഒഴിപ്പിക്കാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. റോഡ് വികസനത്തോടനുബന്ധിച്ച് തട്ടുകടകളെല്ലാം പൊളിച്ചുനീക്കാൻ മുൻ വർഷങ്ങളിൽ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, തങ്ങൾ വർഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്നവരാണെന്ന് ചൂണ്ടിക്കാട്ടി 10പേർ ഇളവ് തേടി കോടതിയെ സമീപിച്ചു. കോടതിയെ സമീപിച്ചവർ പുനരധിവാസത്തിന് അർഹതയുള്ളവരെ നിർണയിച്ച് നഗരസഭ തയാറാക്കിയ പട്ടികയിലുള്ളവരാണെന്നും അവർക്ക് രണ്ട് മാസത്തിനകം പുനരധിവാസം നൽകാൻ കളമശ്ശേരി നഗരസഭ തീരുമാനമെടുത്തിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തീരുമാനം രേഖപ്പെടുത്തിയ കോടതി രണ്ട് മാസത്തിനകം അർഹരായ കച്ചവടക്കാരുടെ പുനരധിവാസം നടപ്പാക്കാൻ ഉത്തരവിട്ടു. ഇവരെ പുനരധിവസിപ്പിക്കാൻ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടി കേസിൽ കക്ഷിചേർന്ന് സമർപ്പിച്ച ഹരജി കോടതി തള്ളി. അർഹരുടെ പട്ടിക നഗരസഭ തയാറാക്കിയപ്പോൾ ചോദ്യം ചെയ്യാതെ ഇപ്പോൾ ഇൗ വാദം ഉന്നയിക്കുന്നത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഇൗ വാദം തള്ളിയത്. അതേസമയം, എച്ച്.എം.ടിയുടെ കൈവശമുള്ള ഭൂമിയിലെ അനധികൃത കച്ചവടക്കാരെ എച്ച്.എം.ടി അധികൃതർക്ക് ഒഴിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. എച്ച്.എം.ടി ഭൂമിയിൽ ലൈസൻസില്ലാതെ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ നഗരസഭ തടയണമെന്നും നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.