ജില്ല പഞ്ചായത്തില്‍ ഡീസല്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേട്; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കാക്കനാട്: ജില്ല പഞ്ചായത്ത് കാര്യാലയത്തില്‍ കറൻറ് പോകുമ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്ന ജനറേറ്ററില്‍ ഡീസല്‍ വാങ്ങിയതില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. മാസം 150 ലീറ്റര്‍ ഡീസല്‍ വാങ്ങിയതായി കണക്കുണ്ടാക്കി 2.72 ലക്ഷംരൂപയുടെ ക്രമക്കേട് നടത്തിയ ജില്ല പഞ്ചായത്ത് ഓഫിസ് ഡ്രൈവര്‍ ആൻറണിയെ സസ്‌പെന്‍ഡ് ചെയ്തു. വൈസ് പ്രസിഡൻറ് ബി.എ. അബ്ദുല്‍ മുത്തലിബ് അധ്യക്ഷനായ കമീഷനാണ് അന്വേഷണം നടത്തി ക്രമക്കേട് സ്ഥിരീകരിച്ചത്. വൈദ്യുതി പോകാത്ത മാസങ്ങളിലും 150 ലിറ്റര്‍ ഡീസല്‍ വാങ്ങിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സി.സി ടി.വി കാമറ ദൃശ്യങ്ങളും സമിതി പരിശോധിച്ചു. രാത്രിയില്‍ ഓഫിസിലെത്തുന്ന ഡ്രൈവര്‍ ഇയാളുടെ സ്വന്തം കാറില്‍ ഡീസല്‍ കയറ്റിക്കൊണ്ട് പോകാറുണ്ടെന്ന് ജീവനക്കാര്‍ മൊഴി നല്‍കി. ഉത്തരവാദിത്തം ഏറ്റെത്ത് രേഖാമൂലം എഴുതിനല്‍കിയതി​െൻറ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ജില്ല പഞ്ചായത്തിന് നഷ്ടമായ തുക തിരിച്ചടക്കാമെന്ന് ഡ്രൈവര്‍ രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ ഭരണസമിതിയുടെ കാലയളവില്‍ ഡീസല്‍ വാങ്ങിയതി​െൻറ കണക്കുകള്‍ മാത്രമാണ് പരിശോധിച്ചത്. നടപടിക്ക് വിധേയനായ ആൾ പത്ത് വര്‍ഷത്തിലേറെയായി ഇവിടെ സ്ഥിരം ഡ്രൈവറാണ്. പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രസിഡൻറ് ആശ സനില്‍ താൽക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ക്രമക്കേട് പുറത്തായത്. ഇതിനുശേഷം ജനറേറ്ററിലേക്ക് ഡീസല്‍ വാങ്ങിയിട്ടില്ല. 150 ലിറ്റര്‍ സംഭരണശേഷിയുള്ള ജനറേറ്റര്‍ ടാങ്കില്‍ ഇപ്പോഴും 72 ലിറ്റര്‍ ഡീസല്‍ ബാക്കിയുണ്ട്. ബില്ലുകളില്‍ ഡ്രൈവറെ കൂടാതെ മറ്റ് ജീവനക്കാരും ഒപ്പിട്ടിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ തട്ടിപ്പ് നടക്കില്ലെന്നാണ് നിഗമനം. അതുകൊണ്ട് കമീഷന്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ജില്ല പഞ്ചായത്തംഗം എ.പി. സുഭാഷ് വ്യക്തമാക്കി. ക്രമക്കേടി​െൻറ വ്യാപ്തി ഒന്നോ രണ്ടോ വർഷത്തിൽ ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.