വിദ്യാർഥികളെ ലക്ഷ്യമിട്ട്​ കഞ്ചാവ്​ മിഠായിയും

നെടുങ്കണ്ടം: ലഹരി കൺമഷിക്ക് പിന്നാലെ കഞ്ചാവ് മിഠായിയും കേരളത്തിലേക്ക്. കമ്പംമെട്ട് എക്സൈസ് കഴിഞ്ഞദിവസം ബിഹാർ സ്വദേശിയിൽനിന്ന് കഞ്ചാവ് മിഠായിയും ചോക്ലേറ്റും പിടിച്ചെടുത്തതോടെയാണ് കഞ്ചാവ് മിഠായിയുമായി ലഹരി മാഫിയ വിദ്യാർഥികളെ ഉന്നമിട്ടിരിക്കുന്നതായി വ്യക്തമായത്. കഞ്ചാവ് വാറ്റിയെടുത്ത സത്ത് ഉപയോഗിച്ചാണ് കഞ്ചാവ് മിഠായി നിർമിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കഞ്ചാവ് മിഠായി പിടിക്കുന്നത്. ഇത് എറണാകുളത്തെ എക്സൈസ് ഫോറൻസിക് വിഭാഗത്തിലേക്ക് പരിശോധനക്ക് അയച്ചു. പരിശോധനഫലം വന്നാലുടൻ ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കും. മാജിക് കൂണിനും മണാലി ക്രീമിനും ലഹരി കൺമഷിക്കും പിന്നാലെയാണ് കഞ്ചാവ് മിഠായിയും എത്തുന്നത്. തമിഴ്നാട്ടിൽനിന്നാണ് ഇവ അതിർത്തി കടന്ന് എത്തിയിരുന്നത്. പുതുലഹരിയുടെ ഉപഭോക്താക്കളിലേറെയും യുവാക്കളാണ്. കൊടൈക്കനാൽ താഴ്വരകളിൽനിന്ന് രൂക്ഷലഹരിയുള്ള മാജിക് കൂൺ കേരളത്തിലെത്തിച്ച് വ്യാപകമായി വിൽപന നടത്തുന്ന സംഘം തന്നെയാണ് ലഹരി കൺമഷിയുടെയും മണാലി ക്രീമി​െൻറയും വിൽപനക്കാരെന്നാണ് എക്സൈസി​െൻറ വിലയിരുത്തൽ. ഇടുക്കി ജില്ലയിലെ അതിർത്തി ചെക്ക്പോസ്റ്റുകളായ കമ്പംമെട്ട്, ബോഡിമെട്ട്, കുമളി എന്നിവിടങ്ങളിൽ പരിശോധന കർക്കശമാക്കിയതോടെ ബോഡിനായ്ക്കന്നൂരിന് സമീപത്തെ തേവാരത്ത് എത്തിക്കുന്ന കഞ്ചാവ് ഉൾപ്പെടെ ലഹരി ഉൽപന്നങ്ങൾ കാൽനടയായി ഇടുക്കിയിലെത്തിച്ചശേഷം കേരളത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.