എസ്.ഐ ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം നീളുന്നു

കൊച്ചി: നോർത്ത് സ്റ്റേഷനിലെ പ്രബേഷനറി എസ്.ഐ ഗോപകുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അനന്തമായി നീളുന്നു. ജനുവരി 22നാണ് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ ഗോപകുമാറിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പിൽ തൊഴിൽ പീഡനത്തെത്തുടർന്നാണ് ആത്മഹത്യ എന്ന് ചേർത്തിരുന്നു. നോർത്ത് എസ്.ഐ വിപിൻകുമാർ, സി.ഐ കെ.ജെ. പീറ്റർ എന്നിവർ തൊഴിൽ പരമായി സമ്മർദത്തിലാക്കുന്നതായി വ്യക്തമാക്കിയിരുന്നു. മൃതദേഹം പോലും അവർ കാണരുതെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് കേസി​െൻറ അന്വേഷണ ചുമതല ഡി.സി.പി പ്രേംകുമാറിനെ ഏൽപ്പിച്ചു. എന്നാൽ, രണ്ട് മാസമാകുമ്പോഴും അന്വേഷണം എങ്ങുമെത്താതെ നീളുകയാണ്. ഫെബ്രുവരി ആദ്യ ആഴ്ചയിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, മാർച്ച് പകുതിയായപ്പോഴും അന്വേഷണം പൂർത്തീകരിച്ചിട്ടില്ല എന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധിയാളുകളുടെ മൊഴിയെടുത്തു. പ്രബേഷ​െൻറ ഭാഗമായി ക്രൈം ഡിറ്റാച്ച്മ​െൻറ് ട്രെയിനിങിന് ഒപ്പമുണ്ടായിരുന്ന ഒൻപത് പൊലീസുദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടും നേരിട്ടെത്തിയും മൊഴിയെടുത്തിരുന്നു. ഗോപകുമാർ ഈ ദിവസങ്ങളിൽ ഏതെങ്കിലും തരത്തിലെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നോ എന്നും ആരെങ്കിലും ബുദ്ധിമുട്ടിച്ചിരുന്നതായി സൂചിപ്പിച്ചിരുന്നോ എന്നുമുള്ള കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചത്. ഗോപകുമാറി​െൻറ ബന്ധുക്കളിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ആദ്യ ഘട്ടത്തിൽ ആരോപണ വിധേയരായ പൊലീസുകാരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. കുടുംബപ്രശ്നങ്ങൾ കാരണമാണ് ആത്മഹത്യ എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് രാഷ്ട്രീയ പ്രവർത്തകരടക്കം രംഗത്ത് വന്നു. അന്വേഷണം നടക്കുകയാണെന്നും ഈ മാസം അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡി.സി.പി പ്രേംകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.