വിഭ്യാഭ്യാസ അവകാശനിയമം പാലിച്ചില്ല; 81സ്കൂളിന്​ നോട്ടീസ്

കൊച്ചി: ജില്ലയിൽ വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്ത 81 സ്കൂളിന് നോട്ടീസ്. വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കാത്ത സ്കൂളുകളെ അടുത്ത അധ്യയനവർഷം മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ല ഉപ വിദ്യാഭ്യാസ ഡയറക്ടറാണ് സ്കൂളുകൾക്ക് നോട്ടീസ് നൽകിയത്. നിയമംലംഘിച്ച് ഏതെങ്കിലും സ്കൂൾ പ്രവർത്തിച്ചാൽ ലക്ഷം രൂപ ഉടമയിൽനിന്ന് പിഴ ഈടാക്കാം. തുടർന്നും പ്രവർത്തിച്ചാൽ പ്രതിദിനം 10,000 രൂപ വീതവും ഈടാക്കും. ആറുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കുന്നതിന് 2009ലാണ് കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നത്. സംസ്ഥാനത്ത് ചട്ടം ക്രമീകരിച്ച് 2011ൽ നിയമം പ്രാബല്യത്തിൽവന്നു. കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളുടെ അംഗീകാരം, യോഗ്യതയുള്ള അധ്യാപകർ, പഠനനിലവാരം, അധ്യാപക-വിദ്യാർഥി അനുപാതം, അടിസ്ഥാനസൗകര്യം, ഉദ്യോഗസ്ഥർ, മാതാപിതാക്കൾ, രക്ഷിതാക്കൾ, അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്‌കൂള്‍ മാനേജ്‌മ​െൻറ് കമ്മിറ്റി എന്നിങ്ങനെ കർശന വ്യവസ്ഥകളാണ് നിയമത്തിൽ. ഇവ നടപ്പാക്കി അതത് അസിസ്റ്റൻറ് വിദ്യാഭ്യാസ ഓഫിസർക്ക് അപേക്ഷ സമർപ്പിക്കണമെന്നായിരുന്നു നിർദേശം. നിയമം നടപ്പാക്കാൻ 2012 ജൂലൈ വരെ സ്കൂളുകൾക്ക് സമയം അനുവദിച്ചു. പിന്നീടത് 2014 വരെയും നീട്ടി. നിയമം പാലിക്കുന്നതിൽ പല സ്കൂളുകളും വൈമനസ്യം തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ നിർദേശപ്രകാരം നോട്ടീസ് നൽകിയതെന്ന് ജില്ല ഉപവിദ്യാഭ്യാസ ഡയറക്ടർ സി.എ. സന്തോഷ് 'മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ നവംബറിൽ 63 സ്കൂളിന് നോട്ടീസ് നൽകിയിരുന്നു. പിന്നീട് ലഭിച്ച റിപ്പോർട്ടുകൾകൂടി പരിഗണിച്ചപ്പോൾ എണ്ണം 81ആയി ഉയർന്നു. ഏതാനും സ്കൂളുകൾ നടപടിക്കെതിരെ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ബോർഡ് അംഗീകാരത്തിന് അപേക്ഷിക്കാൻ അവസരം നൽകണമെന്നും അടുത്തവർഷം മുതൽ പ്രവർത്തിക്കില്ലെന്നും അറിയിച്ചവരുണ്ട്. ഒരുമാനദണ്ഡവും പാലിക്കാത്ത സ്കൂളുകളുമുണ്ട്. അടുത്ത അധ്യയനവർഷം മുതൽ പ്രവർത്തിക്കരുതെന്നാണ് വ്യവസ്ഥ. വിദ്യാഭ്യാസ വകുപ്പും ഉൾപ്പെടുന്ന വിഷയത്തിൽ സർക്കാറാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ 1800 സ്കൂളാണ് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.