സീറോ മലബാർ സഭ ഭൂമിക്കേസ്​: പൊലീസിനെ വിമർശിച്ച്​ കോടതിയലക്ഷ്യഹരജി തീർപ്പാക്കി

കൊച്ചി: സീറോ മലബാർ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാളടക്കമുള്ളവർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ൈവകിയതിന് പൊലീസിനെ വിമർശിച്ച് ഇതുസംബന്ധിച്ച കോടതിയലക്ഷ്യഹരജി ഹൈകോടതി തീർപ്പാക്കി. േകെസടുക്കാൻ കോടതി ഉത്തരവുണ്ടായിട്ടും വൈകിയത് കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച സിംഗിൾ ബെഞ്ച്, പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ഹരജിയിലെ തുടർ നടപടി അവസാനിപ്പിക്കുകയായിരുന്നു. കേസെടുക്കാൻ ഇൗ മാസം ആറിന് ഉത്തരവുണ്ടായിട്ടും പൊലീസ് നടപടിയെടുക്കാൻ വൈകിയെന്ന് ആരോപിച്ച് അങ്കമാലി സ്വദേശി മാർട്ടിൻ പയ്യപ്പിള്ളിയാണ് കോടതിയലക്ഷ്യഹരജി നൽകിയത്. വ്യാഴാഴ്ച ഹരജി പരിഗണിച്ചപ്പോൾ ഇൗ മാസം എട്ടിനാണ് വിധിയുടെ പകർപ്പ് ലഭിച്ചതെന്നും 12ന് കേസെടുത്തെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. എന്തുകൊണ്ടാണ് കേസെടുക്കാൻ നാലുദിവസം വൈകിയതെന്ന ചോദ്യത്തിന് വിധിന്യായത്തിൽ സമയക്രമം നിഷ്‌കർഷിച്ചിരുന്നില്ലെന്നും ഇടക്ക് അവധിദിനങ്ങൾ വന്നത് കേസ് രജിസ്റ്റർ ചെയ്യുന്നത് വൈകാൻ കാരണമായെന്നും അഭിഭാഷകൻ മറുപടി നൽകി. എന്നാൽ, അവധിദിനങ്ങളിൽ കേസെടുക്കാൻ എന്താണ് ബുദ്ധിമുട്ടെന്ന് കോടതി വാക്കാൽ ചോദിച്ചു. വിധിയിലെ നിർദേശം നടപ്പാക്കാൻ സമയം വേണ്ടിവന്നെന്നും കേസെടുത്തതിനാൽ കോടതിയലക്ഷ്യം നിലനിൽക്കില്ലെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത് കോടതിയലക്ഷ്യ നടപടിയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്താലും അന്വേഷണം എങ്ങനെയൊക്കെ നടക്കുമെന്ന് അറിയാം. എങ്കിലും കേസി​െൻറ സ്വഭാവവും പരിശോധിക്കേണ്ട രേഖകളുടെ ബാഹുല്യവും പരിഗണിച്ച് തുടര്‍നടപടി അവസാനിപ്പിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.