ഓട്ടൻതുള്ളൽ വേദിയിലെ പ്രതിഷേധം വിധികർത്താക്കളെ ചൊടിപ്പിച്ചു

കൊച്ചി: സർഗാത്മക പ്രതിഷേധമെന്ന പേരിൽ അരങ്ങേറുന്നത് പേക്കൂത്തുകളാണെന്ന് വിധികർത്താക്കൾ. വർഷങ്ങളുടെ ചിട്ടയായ അഭ്യാസവും മണിക്കൂറുകളുടെ കാത്തിരിപ്പിനുമൊടുവിൽ മത്സരാർഥികൾ സ്വയംമറന്നാടുന്ന വേദി പ്രതിഷേധത്തിന് തെരഞ്ഞെടുക്കുന്ന പ്രവണതക്കെതിരെയാണ് വിമർശനം. മഹാരാജാസ് കോളജ് വേദിയിലെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഫാഷിസത്തിനും രാജ്യത്ത് പെരുകുന്ന അസഹിഷ്ണുതക്കുമെതിരെ പ്രതിഷേധമെന്ന അറിയിപ്പുമായാണ് ഒരു മത്സരാർഥിയെത്തിയത്. മുഖത്ത് ചായം തേച്ച് അഭിഭാഷക ഗൗണിട്ട് വേദിയിലെത്തിയ മത്സരാർഥി കേന്ദ്ര നയങ്ങളെയും ഭരണത്തെയും വിമർശിക്കുകയായിരുന്നു. എന്നാൽ, പ്രതിഷേധത്തിനപ്പുറം മാധ്യമശ്രദ്ധ കിട്ടാനുള്ള ശ്രമത്തിലൂടെ തുള്ളൽകലയെതന്നെ അപമാനിക്കുകയായിരുന്നു മത്സരാർഥിയെന്ന് വിധികർത്താക്കളായ കലാമണ്ഡലം കാർത്തിക് ശങ്കർ, കലാമണ്ഡലം ജിനേഷ് എന്നിവർ പറഞ്ഞു. വിവിധ മാർഗങ്ങളിലൂടെ ഒരാൾക്ക് സർഗാത്മകമായി പ്രതികരിക്കാമെന്നിരിക്കെ അതിന് മത്സരവേദി തെരഞ്ഞെടുത്തത് അംഗീകരിക്കാനാവില്ല. പ്രതിഷേധമല്ല. മാധ്യമശ്രദ്ധ തന്നെയാണ് അവരുടെ ആദ്യ ലക്ഷ്യം. നർമവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും ഉൾക്കൊള്ളുന്ന പാട്ടുകൾ ചടുല നൃത്തമായി അവതരിപ്പിക്കുന്ന കലയാണ് ഓട്ടൻതുള്ളൽ. സാമൂഹികവ്യവസ്ഥിതിക്കെതിരെ ഉയർന്നുവന്ന കലാരൂപമെന്ന വിശേഷണവുമുണ്ട്. എന്നാൽ, ശാസ്ര്തീയവും പാരമ്പര്യവുമായ ചിട്ടവട്ടങ്ങൾ പാലിച്ചാണ് ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നത്. എന്നാൽ, വേഷവിധാനമോ ചിട്ടപ്പെടുത്തിയ ഗാനമോ മത്സരാർഥിക്ക് ഉണ്ടായിരുന്നില്ല. നൃത്തം ചവിട്ടിയും പാട്ടുപാടിയും ഹസ്‌തമുദ്രകളാലും ആംഗ്യത്താലും കഥ ചൊല്ലിപ്പോകുന്ന സമ്പ്രദായമാണ്‌ തുള്ളല്‍ക്കലയിലുള്ളത്‌. സർഗാത്മകമായി പ്രതിഷേധിക്കണമെങ്കിൽ പാട്ടുകൾ ചിട്ടപ്പെടുത്തി, വേഷവിധാനത്തോടെ ശാസ്ത്രീയമായി തന്നെ അത് അവതരിപ്പിക്കാമായിരുന്നെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. അശ്വിൻ ആയിരുന്നു മൂന്നാമത്തെ വിധികർത്താവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.