ചൂടിൽ വലഞ്ഞ് മത്സരാർഥികൾ; ചൂടില്ലാതെ സംഘാടകർ

എം.ജി സർവകലാശാല കലോത്സവം കൊച്ചി: കനത്ത ചൂടിൽ മത്സരാർഥികൾ വലഞ്ഞപ്പോൾ ഒരു ചൂടുമില്ലാത്ത സംഘാടനവുമായി സംഘാടകർ. മണിക്കൂറുകളോളം വൈകി തുടങ്ങിയ മത്സരങ്ങൾ തെല്ലൊന്നുമല്ല കുട്ടികളെ വലച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതിന് തുടങ്ങേണ്ട ഓട്ടൻതുള്ളൽ മത്സരം ആരംഭിച്ചത് ഉച്ചക്ക് 12ന്. ലോ കോളജിൽ രാവിലെ ഒമ്പതിന് ആരംഭിക്കേണ്ടിയിരുന്ന ഭരതനാട്യ മത്സരം തുടങ്ങിയത് ഉച്ചക്ക് ഒന്നിനാണ്. മത്സരം ഒമ്പതിന് തുടങ്ങുമെന്നുള്ളതിനാൽ മത്സരാർഥികൾ പുലർച്ച അഞ്ചിനുതന്നെ മേക്കപ്പിട്ട് തുടങ്ങിയിരുന്നു. പ്രധാന വേദിയായ രാജേന്ദ്ര മൈതാനിയിലും സ്ഥിതി ഇതുതന്നെ. ഉച്ചക്ക് 12നാണ് ഇവിടെ മോണോ ആക്ട് മത്സരം തുടങ്ങിയത്. അറുപതിലധികം വിദ്യാർഥികളാണ് മോണോ ആക്ടിൽ മത്സരിക്കാനുണ്ടായിരുന്നത്. ആദ്യ മത്സരങ്ങൾ വൈകിയതോടെ തുടർന്നുള്ള എല്ലാ മത്സരങ്ങളും മണിക്കൂറുകളോളം താമസിച്ചു. നൃത്ത ഇനങ്ങൾക്ക് വേഷമിട്ടവർ ഭക്ഷണംപോലും കഴിക്കാനാകാതെ വലഞ്ഞു. ലോ കോളജിൽ നടക്കുന്ന ഭരതനാട്യത്തിലും മഹാരാജാസിൽ നടന്ന ഓട്ടൻതുള്ളലിലും പങ്കെടുക്കേണ്ടവർക്ക് സമയക്രമം ആകെ തെറ്റിയതോടെ വേദികളിൽനിന്ന് വേദികളിലേക്ക് ഓടേണ്ടി വന്നു. ഭക്ഷണംപോലും കഴിക്കാതെ മണിക്കൂറുകളോളം മേക്കപ്പ് ഇട്ട് ഇരുന്നവരിൽ ചിലർക്ക് ദേഹാസ്വസ്ഥതകളുമുണ്ടായി. ഓട്ടൻതുള്ളൽ മത്സരത്തിന് പുലർച്ച മുതൽ മേക്കപ്പിട്ടു നിന്നവർ ലഘുഭക്ഷണം മാത്രം കഴിച്ചാണ് ഉച്ചവരെ കാത്തിരുന്നത്. ഒരു വിദ്യാർഥി മത്സരം കഴിഞ്ഞയുടൻ തളർന്നുവീണു. മഹാരാജാസ് ഓഡിറ്റോറിയത്തിൽ മേക്കപ്പിടുന്ന സ്ഥലത്ത് ഫാൻ ഉൾപ്പെടെ സൗകര്യങ്ങളില്ലായിരുന്നു. വസ്ത്രം മാറാനും മറ്റുമുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നതിനെത്തുടർന്ന് പലരും ബുദ്ധിമുട്ടി. മത്സരങ്ങൾ വൈകിയതോടെ കേരളനടനം, മിമിക്രി തുടങ്ങിയ മത്സരങ്ങൾ വൈകീട്ടാണ് ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.