2006-ല്‍ കശ്മീര്‍ തര്‍ക്കം തീര്‍ക്കാനാകാതെ പോയത് സോണിയ ഗാന്ധിയുടെ അധൈര്യം കാരണമെന്ന് എ.ജി നുറാനി

കൊച്ചി: 2006ല്‍ കശ്മീര്‍ പ്രശ്‌നത്തില്‍ അന്നത്തെ പാകിസ്ഥാന്‍ പ്രസിഡൻറ് പര്‍വേസ് മുഷറഫുമായി ഉടമ്പടിയിലെത്താന്‍ പ്രധാനമന്ത്രിയായിരുന്ന മൻമോഹന്‍ സിങിന് കഴിയുമായിരുന്നുവെന്നും സോണിയ ഗാന്ധിയുടെ അധൈര്യമാണ് തടഞ്ഞതെന്നും ഭരണഘടന വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജി നുറാനി. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഇഫ്തിഖാര്‍ ഗീലാനിയുമായി 'കശ്മീര്‍ ഇന്ന്' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ പ്രശ്‌നത്തിന് ഇന്ന് സാധ്യമായ ഒരേയൊരു പരിഹാരം നാല് പ്രധാന സംഗതികളുള്‍പ്പെട്ട അന്നത്തെ സിങ്-മുഷറഫ് ഫോര്‍മുല മാത്രമാണ്. അതിര്‍ത്തി സൈന്യരഹിതമാക്കുക, സ്വയംഭരണം പുനഃസ്ഥാപിക്കുക, നിയന്ത്രണ രേഖയില്‍ ആളുകള്‍ക്ക് സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യം, ഈ നടപടികള്‍ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നിരീക്ഷണ സംവിധാനം സ്ഥാപിക്കുക എന്നിവയായിരുന്നു ഈ നാല് കാര്യങ്ങള്‍. കരാറിലൊപ്പിടാന്‍ സിങ് തയാറായിരുന്നു. എന്നാല്‍, സോണിയ ഗാന്ധി ധൈര്യപ്പെട്ടില്ല. അതേസമയം ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ട വാജ്‌പേയി-മുഷാറഫ് ഉച്ചകോടി അസംബന്ധമായിരുന്നുവെന്നും നുറാനി പറഞ്ഞു. വിഭജിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷ് നയത്തിനെയല്ല, ജിന്ന, നെഹ്റു, പട്ടേല്‍ എന്നീ നേതാക്കളെയാണ് കശ്മീര്‍ തര്‍ക്കത്തി​െൻറ പേരില്‍ കുറ്റം പറയേണ്ടത്. കശ്മീരിലും ഹൈദരാബാദിലും ജുനഗഡിലും ജനഹിത പരിശോധന നടത്താമെന്ന നെഹ്റുവി​െൻറ നിർദേശം തള്ളിക്കളഞ്ഞ ജിന്നയാണ് പ്രധാന ഉത്തരവാദി. ഹൈദരാബാദിനെ ഉപയോഗിച്ച് ഒരു നാടിനെ വീണ്ടും വിഭജിക്കുന്ന തന്ത്രം പയറ്റി നോക്കാമെന്നായിരുന്നു ജിന്നയുടെ പ്രതീക്ഷ. അക്രമങ്ങളെത്തുടര്‍ന്ന് പറിച്ചെറിയപ്പെട്ട കശ്മീരി പണ്ഡിറ്റുകളെ അവരുടെ സ്വന്തം ഇടങ്ങളില്‍ത്തന്നെ തിരികെ പുനരധിവസിപ്പിക്കുന്നതു മാത്രമേ പ്രതിവിധി ഉള്ളൂ. പണ്ഡിറ്റുകള്‍ക്ക് അവരുടെ സ്വത്തുവകകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നതിനെയും അക്രമകാലത്തുണ്ടായ മരണങ്ങെളയും നാശനഷ്ടങ്ങളെയും പറ്റി ഒരു സ്വതന്ത്രസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇഫ്തിഖാര്‍ ഗിലാനി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.