ചെങ്ങന്നൂർ: കിഴക്കൻ മലയോര മേഖലയിൽ ഏതാനും ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയും മലവെള്ളപാച്ചിലും പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിന് കാരണമായി. ഇതോടെ തീരമിടിച്ചിലും രൂക്ഷമായി. കഴിഞ്ഞ ദിവസം പുലർച്ചെ തീരമിടിഞ്ഞ് പശുത്തൊഴുത്തും പശുക്കളും ഒഴുക്കിൽപ്പെട്ടു. ശബ്ദംകേട്ടുണർന്ന വീട്ടുകാർ സാഹസികമായി പശുവിനെ രക്ഷപ്പെടുത്തി. പാണ്ടനാട് കാഞ്ഞിരപ്പള്ളിൽ രാധാമണിയമ്മയുടെ തൊഴുത്തും പശുക്കളുമാണ് ഒഴുക്കിൽപെട്ടത്. ബുധനാഴ്ച പുലർച്ചെ നാലിനാണ് അപകടം. ആറ്റുതീരത്തോട് ചേർന്നാണ് രാധാമണിയമ്മ തൊഴുത്ത് നിർമിച്ചിരുന്നത്. നദി കരയെടുക്കുമ്പോൾ തൊഴുത്തിൽ രണ്ടു പശുക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്ന് ഒഴുക്കിൽപെട്ടു. രാധമണിയമ്മ ശബ്ദമുണ്ടാക്കിയതിനെത്തുടർന്ന് അയൽവാസികൾ എത്തിയാണ് ആറ്റിൽ മുങ്ങിത്താണുകൊണ്ടിരുന്ന പശുവിനെ കരക്കു കയറ്റിയത്. ഏതാനും ദിവസമായി നദിയിലെ ജലനിരപ്പ് 20 അടിയിലധികം ഉയർന്നിട്ടുണ്ട്. നദിയിൽ അതിശക്തമായ ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് വീണ്ടും അപകടരമായ നിലയിൽ ഉയരുന്നത് തീരമിടിച്ചിൽ രൂക്ഷമാക്കും. വീടിനോട് ചേർന്നുളള എരുത്തിൽ നദിയെടുത്തതോടെ രാധാമണിയമ്മയുടെ വീടും അപകടനിലയിലായി. തീരമിടിച്ചിൽ ആരംഭിച്ചപ്പോൾതന്നെ ആറിെൻറ തിട്ട കെട്ടുന്നതിന് ഒരു വർഷം മുമ്പ് ആർ.ഡി.ഒ, തഹസിൽദാർ, കലക്ടർ, വില്ലേജ് ഒാഫിസർ എന്നിവർക്ക് രാധാമണിയമ്മ പരാതി നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. ജലനിരപ്പ് ഉയരുന്നതോടെ തീരം വ്യാപകമായി ഇടിഞ്ഞുതാഴുന്നത് തീരദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പാണ്ടനാട് പടിത്താറ് മുറിയായിക്കര നെട്ടായത്തിനോട് ചേർന്ന് കാഞ്ഞിരപ്പള്ളിൽ നാരായണപിള്ള, സഹോദരൻ ശശിധരൻപിള്ള എന്നിവരുടെ വീടുകളും അപകടകരമായ നിലയിലാണ്. ഇവിടെ ഏതാനും നാളുകൾക്ക് മുമ്പ് കുറച്ചു ഭാഗം കരിങ്കല്ലിറക്കി സംരക്ഷണ ഭിത്തി നിർമിച്ചിരുന്നു. എന്നാൽ, വീടിനോട് ചേർന്ന് സംരക്ഷണ ഭിത്തി നിർമിക്കാത്തതാണ് തീരമിടിച്ചിൽ രൂക്ഷമാകാൻ കാരണം. മുമ്പ് കടത്തുണ്ടായിരുന്ന അടിച്ചിക്കാവ് ക്ഷേത്രത്തിനു കിഴക്ക് മല്ലപ്പള്ളി കടവിൽ കടത്തുവള്ളം അടുപ്പിക്കാനാകാത്ത വിധം തിട്ട ഇടിഞ്ഞുതാണു. ചെങ്ങന്നൂർ താലൂക്കിെൻറ തെക്കൻ അതിരായ അച്ചൻകോവിലാറ്റിലും സമാന സ്ഥിതിയാണുളളത്. ഇവിടെയും വ്യാപകമായ രീതിയിൽ തീരമിടിയുന്നതു മൂലം പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ ഇതിനോടകം വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെല്ലാം വ്യാപക കൃഷിനാശവും സംഭവിച്ചു. പുറക്കാട് നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു അമ്പലപ്പുഴ: മഴക്കെടുതിയെത്തുടർന്ന് പുറക്കാട് പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, 11, 12 വാർഡുകളിൽ നാലുചിറ വടക്ക്, തെക്ക്, ഇരണ്ടച്ചാൽ ചിറ, പഴയചിറ, മണ്ണംപുറം, ആനച്ചാൽ, കുന്നുതറ, കൈതപ്പറമ്പ്, മാർത്തോമ മിഷൻ, കൃഷ്ണൻചിറ, പുതുപ്പറമ്പ് തുടങ്ങി ഉയർന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഏഴാം വാർഡിൽ മൂന്ന് ക്യാമ്പുകളിലായി 378 കുടുംബങ്ങളിലെ 1413 പേർ അഭയം തേടി. ഒമ്പതാം വാർഡിൽ അഞ്ച് ക്യാമ്പുകളിലായി 163 വീടുകളിലെ 520 അംഗങ്ങളും മൂന്ന് ക്യാമ്പുകളിലായി 180 വീടുകളിലെ 680 അംഗങ്ങളും പതിനൊന്നാം വാർഡിലെ ക്യാമ്പിൽ 239 വീടുകളിലെ 679 അംഗങ്ങളും ഉണ്ട്. നാലുചിറ വടക്ക്, തെക്ക്, പടിഞ്ഞാറ്, കൊച്ചുപുത്തൻ ചിറ, ഇല്ലിത്തോട് പാടശേഖരങ്ങളിൽ മടവീണ് കൃഷിനാശമുണ്ടായി. വീടുകളിൽ വെള്ളം കയറി. അതേസമയം, മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തരസഹായം വേണമെന്ന് മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ക്യാമ്പുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പിലെ ജനങ്ങൾക്ക് എല്ലാ സഹായവും മുഖ്യമന്ത്രി ഉറപ്പുനൽകി. മടവീണ് കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ കൃഷിവകുപ്പിെൻറ സഹായം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.