കാടമ്പാറ- കൊള്ളിക്കാട്ടുശ്ശേരി എസ്.സി കോളനി നവീകരണത്തിന് തുടക്കമായി

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ കാടമ്പാറ -കൊള്ളിക്കാട്ടുശ്ശേരി എസ്.സി കോളനി നവീകരണത്തിന് തുടക്കമായി. നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ലത ശിവൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എൻ.അരുൺ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. ഏലിയാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാൻറി എബ്രഹാം, ബിന്ദു ബേബി, ബാബു തട്ടാരുകുന്നേൽ, മുരളി ശശി, ജില്ല പട്ടികജാതി വികസന ഓഫിസർ ജോസഫ് ജോൺ, എം.പി. ലാൽ, പോൾ പൂമറ്റം എന്നിവർ സംസാരിച്ചു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോളനി നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചത്. മാറാടി ഗ്രാമപഞ്ചായത്തിലെ രണ്ട്, 13 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന കാടമ്പാറ- കൊള്ളിക്കാട്ടുശ്ശേരി എസ്.സി കോളനിവാസികളുടെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാനാണ് ഫണ്ട് വിനിയോഗിക്കുന്നത്. കുടിവെള്ള പദ്ധതിയുടെ നവീകരണത്തിനാണ് മുൻഗണന. പമ്പ് ഹൗസും കിണറും നവീകരിക്കും. 50,000 ലിറ്റർ സംഭരണശേഷിയുള്ള കോൺക്രീറ്റ് ജലസംഭരണി നിർമിക്കും. രണ്ട് വാർഡിലായി 40ഓളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ വാട്ടർ മീറ്റർ സ്ഥാപിച്ച് കുടിവെള്ള കണക്ഷൻ നൽകും. 30ഓളം വീടുകൾക്ക് കോൺക്രീറ്റ് നടപ്പാത നിർമിക്കും. 25ഓളം വീടുകളുടെ നവീകരണവും നടക്കും. മേൽക്കൂരയുടെ അറ്റകുറ്റപ്പണി, പൂർണമായും കേടുപാട് സംഭവിച്ചവ മാറ്റി സ്ഥാപിക്കൽ, തറ കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിക്കൽ അടക്കമുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള കെല്ലിനാണ് നിർമാണ ചുമതല. കൂടുതൽ എസ്.സി കോളനികളിൽ പദ്ധതി നടപ്പാക്കാൻ നടപടി തുടരുകയാണന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.