സെമിനാറിൽ ബീഫ് കട്​ലറ്റ്: കുസാറ്റിൽ ഉത്തരേന്ത്യൻ വിദ്യാർഥികളുടെ പ്രതിഷധം

കളമശ്ശേരി: സെമിനാറിൽ ബീഫ് കട്ലറ്റ് വിളമ്പിയെന്നാരോപിച്ച് ഉത്തരേന്ത്യൻ വിദ്യാർഥികൾ കൊച്ചി സർവകലാശാല അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. കുട്ടനാട്ടിലെ സ്കൂൾ ഓഫ് എൻജിനീയറിങ് കോളജിൽ ഡിജിറ്റൽ ബാങ്കിങ്ങിൽ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ ഒരു സംഘടന സംഘടിപ്പിച്ച സെമിനാറിനിടെ ബീഫ് കട്ലറ്റ് വിതരണം ചെയ്തെന്നാണ് ആരോപണം. കട്ലറ്റ് കഴിച്ചതിനെത്തുടർന്ന് രണ്ട് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതായും വിദ്യാർഥികൾ പരാതി ഉന്നയിച്ചു. വിഷയത്തിൽ ആലപ്പുഴ ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും പ്രതിഷേധിക്കാനെത്തിയ വിദ്യാർഥികൾ പറഞ്ഞു. അനുമതിയില്ലാതെ സരസ്വതി പൂജയും ഘോഷയാത്രയും നടത്തിയതിന് കുട്ടനാട്ടിലെ ഒന്നാം വർഷ ബി.ടെക് വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിരുന്നു. നടപടി പിറ്റേന്ന് പിൻവലിച്ചെങ്കിലും വിഷയവും പ്രതിഷേധത്തിൽ ഉന്നയിച്ചു. ഇരുന്നൂറോളം ഉത്തരേന്ത്യൻ വിദ്യാർഥികളാണ് പഠിപ്പുമുടക്കി പ്രതിഷേധവുമായി അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന് മുന്നിൽ എത്തിയത്. സരസ്വതി പൂജക്ക് അനുമതി നിഷേധിച്ച പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണം, കാൻറീൻ വെജിറ്റേറിയനെന്നും നോൺ വെജിേറ്ററിയനെന്നും തരംതിരിച്ച് പ്രത്യേക സംവിധാനം ഒരുക്കണം എന്നിവയായിരുന്നു പ്രധാന ആവശ്യം. വൈസ് ചാൻസലറുടെ അഭാവത്തിൽ പ്രോ-വി.സിയുമായി പ്രതിഷേധക്കാർ ചർച്ച നടത്തി. വി.സി എത്തിയശേഷം ഇക്കാര്യത്തിൽ അന്വേഷണസമിതിയെ ചുമതലപ്പെടുത്താമെന്ന് പി.വി.സി വിദ്യാർഥികൾ അറിയിച്ചു. എന്നാൽ, തീരുമാനം ഒരുവിഭാഗം അംഗീകരിച്ചില്ല. തുടർന്ന് ക്ലാസുകൾ ബഹിഷ്കരിച്ചുള്ള സമരം തുടരുമെന്ന് വ്യക്തമാക്കി വിദ്യാർഥികൾ പിരിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.